നോണ്‍സ്റ്റിക് പാൻ ഇല്ലത്ത അടുക്കള നാട്ടില്‍ കുറവാണ്. ദോശ ചുടാനും, മീൻ പൊരിക്കാനുമെല്ലാം എളുപ്പത്തിനും, അടിയില്‍ പിടിക്കാതിരിക്കാനും ഇത്തരം പാനുകള്‍ നമ്മള്‍ ഉപയോഗിക്കും.
എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം യൂറോപ്യന്‍ രാജ്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ നിരോധിച്ചവയാണ് ഇത്തരം പാത്രങ്ങള്‍. നോണ്‍സ്റ്റിക് പാനിലെ ശരിയായ രീതിയിലല്ലാത്ത പാചകം ടെഫ്ലോണ്‍ ഫ്ലൂ എന്ന രോഗം ഉണ്ടാക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പോളിമര്‍ ഫ്യൂം ഫീവര്‍ എന്നും അറിയപ്പെടുന്ന ടെഫ്ലോണ്‍ ഫ്ലൂ കഴിഞ്ഞ വര്‍ഷം 250-ലധികം അമേരിക്കക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലവേദന, ശരീരവേദന, പനി, വിറയല്‍ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
ടെഫ്ലോണ്‍ കുക്ക് വെയറിന്റെ തെറ്റായ ഉപയോഗമാണ് ഈ രോഗത്തിന് കാരണം. നോണ്‍സ്റ്റിക്ക് കുക്ക് വെയര്‍ അമിതമായി ചൂടാക്കുകയോ ടെഫ്ലോണ്‍ പാനുകളിലെ കോട്ടിങ് ഇളകുകയോ ചെയ്യുന്നത് രാസവസ്തുക്കള്‍ പുറത്തുവരാന്‍ കാരണമാകും. ചൂടാക്കുമ്ബോള്‍ ഈ രാസവസ്തുക്കള്‍ വായുവിലേക്ക് എത്തുകയും വിഷപ്പുക ശ്വസിക്കുന്നത് ഫ്ലൂ പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഭക്ഷ്യവസ്തുക്കള്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ നോണ്‍ സ്റ്റിക് പാത്രങ്ങളില്‍ ഉപയോഗിക്കുന്ന രാസവസ്തുവിനെ ടെഫ്‌ളോണ്‍ എന്നാണ് പൊതുവായി പറയുന്നത്.