തിങ്കളാഴ്ച വാന്‍കുവറില്‍ പടര്‍ന്നുപിടിച്ച 13 ഓളം തീകള്‍ അഗ്നിശമന സേനാംഗങ്ങള്‍ അണച്ചു. നാലെണ്ണം ഒന്നിച്ചു കത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഇത് മനുഷ്യനിര്‍മിതമായിരുന്നുവെന്നും അഗ്നിശമന സേന അറിയിച്ചു. ആളുകള്‍ അശ്രദ്ധമായി തീകത്തിക്കുകയും ഇത് പടര്‍ന്നുപിടിക്കുകയുമാണ് ഒന്നിലധികം തീപിടുത്തങ്ങള്‍ ഉണ്ടാകാനുള്ള കാരണമെന്ന് സിറ്റി പറഞ്ഞു. ഇഗ്നിഷന്‍ മെറ്റീരീയലിന്റെ ദുരുപയോഗം മൂലമാണ് ഒരു തീപിടുത്തം ഉണ്ടായത്. മറ്റൊന്ന് ഗ്യാസ് മെയിനിന് സമീപം മന:പൂര്‍വ്വം ഉണ്ടാക്കിയതാണ്.
ഒരേസമയം ഒന്നിലധികം തീപിടുത്തങ്ങളാണ് തങ്ങള്‍ക്ക് നിയന്ത്രണവിധേയമാക്കുന്നതില്‍ വെല്ലുവിളിയായതെന്ന് വാന്‍കുവര്‍ ഫയര്‍ റെസ്‌ക്യു സര്‍വീസസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറഞ്ഞു. പുകവലിച്ചതിന് ശേഷം സിഗരറ്റ് കുറ്റികള്‍ അശ്രദ്ധമായി വലിച്ചെറിയുന്നതാണ് തീപടരാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം പറയുന്നു. താപനില ഉയരുന്നതും വരണ്ട കാലാവസ്ഥയും അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യാമ്പ് ഫയര്‍, പൊതുസ്ഥലങ്ങളിലെ മറ്റ് അഗ്നികൊണ്ടുള്ള ഉപയോഗങ്ങള്‍ എന്നിവയും തീപിടുത്ത സാധ്യത വര്‍ധിപ്പിക്കുന്നു.