ആഗോള റാങ്കിംഗില്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ടിനെ പിന്തള്ളി കനേഡിയന്‍ പാസ്‌പോര്‍ട്ടിന് മുന്നേറ്റം 

By: 600002 On: Jul 24, 2024, 12:15 PM

 


കനേഡിയന്‍ പാസ്‌പോര്‍ട്ട് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തമായതായി ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ എട്ടാം സ്ഥാനത്തായിരുന്ന കനേഡിയന്‍ പാസ്‌പോര്‍ട്ട് ഈ വര്‍ഷം ഒരു പടി കൂടി മുന്നില്‍ കടന്ന് ഏഴാം സ്ഥാനം കരസ്ഥമാക്കി. ഏഴാം സ്ഥാനത്തായിരുന്ന അമേരിക്കന്‍ പാസ്‌പോര്‍ട്ടിനെ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കനേഡിയന്‍ പാസ്‌പോര്‍ട്ട് നേട്ടം കൈവരിച്ചത്. 199 പാസ്‌പോര്‍ട്ടുകളും 227 ട്രാവല്‍ ഡെസ്റ്റിനേഷനുകളും ഉള്‍പ്പെടുത്തിയാണ് ഇന്‍ഡെക്‌സ് പുറത്തിറക്കിയത്. പാസ്‌പോര്‍ട്ട് ഉടമയ്ക്ക് വിസയില്ലാതെ എത്ര രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാകും എന്നതിനെ ആശ്രയിച്ചാണ് ഇന്‍ഡെക്‌സ് തയാറാക്കുന്നത്. 

കാനഡയുടെ പാസ്‌പോര്‍ട്ട് ഹെന്‍ലി സൂചികയില്‍ ഉയര്‍ന്ന സ്ഥാനം നേടുന്നത് ഇതാദ്യമാണ്. അമേരിക്കയുടെയും കാനഡയുടെയും പാസ്‌പോര്‍ട്ടുകള്‍ ആറാം സ്ഥാനത്തായിരുന്നു. എന്നാല്‍ അതിന് മുമ്പും ശേഷവും കനേഡിയന്‍ പാസ്‌പോര്‍ട്ട് യുഎസിനേക്കാള്‍ താഴേക്ക് പോയി. 2014 ല്‍ യുകെയുമായി യുഎസ് ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. 

കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇല്ലാതെ 187 രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം ഇത് 185 ആയിരുന്നു.