കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും കാറുകളില്‍ ഒറ്റയ്ക്കിരുത്തി പോകുന്നത് അപകടങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി എഡ്മന്റണ്‍ പോലീസ് സര്‍വീസും എഡ്മന്റണ്‍ ഫയര്‍ റെസ്‌ക്യൂ സര്‍വീസും. വേനല്‍ക്കാലത്ത് കനത്ത ചൂടില്‍ കാറിനുള്ളില്‍ കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും ഉപേക്ഷിച്ചു പോയ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പോലീസ് പറയുന്നു. ജൂലൈയില്‍ മാത്രം 122 ഓളം വ്യത്യസ്ത സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചൂട് കൂടുന്ന സമയത്ത് കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ കാറുകളില്‍ തനിച്ചാക്കി പോകരുതെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
കടകളിലോ മറ്റോ പോകാന്‍ സൗകര്യത്തിനായി കുട്ടികളെ കാറുകളില്‍ തനിച്ചാക്കി പോകും. എന്നാല്‍ ഇത് വലിയൊരു അപകടത്തിലേക്കാണ് നയിക്കുന്നത് ഇപിഎസ് പ്രസ്താവനയില്‍ പറഞ്ഞു. കുട്ടികള്‍ ഒറ്റയ്ക്ക് കാറില്‍ ഇരിക്കുന്നത് കണ്ടാല്‍ ഉടന്‍ ഡ്രൈവറെ അന്വേഷിക്കുക. ഡ്രൈവറെ കണ്ടില്ലെങ്കില്‍ ഉടന്‍ 911 ലേക്ക് വിളിച്ച് വിവരം അറിയിക്കുക. സഹായത്തിനായി എത്തുന്നത് വരെ കുട്ടിക്കൊപ്പം നില്‍ക്കാനും ആളുകള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി.
കാറിന്റെ ഡോറുകളും വിന്‍ഡോയും പൂട്ടിയിട്ടില്ലെങ്കില്‍ ഉടന്‍ കുട്ടിയെ രക്ഷപ്പെടുത്തുക. പൂട്ടിയ നിലയിലാണെങ്കില്‍ ഗ്ലാസുകള്‍ തകര്‍ത്ത് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.