കാട്ടുതീ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആല്‍ബെര്‍ട്ടയിലെ ജാസ്പര്‍ മുനിസിപ്പാലിറ്റിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശത്ത് ഒഴിപ്പിക്കല്‍ ഉത്തരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ പാര്‍ക്കിലെ സന്ദര്‍ശകരും താമസക്കാരും സീസണല്‍ ജോലിക്കാരും ഉള്‍പ്പെടെ 10,000 ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. തിങ്കളാഴ്ച രാത്രി ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ നാഷണല്‍ പാര്‍ക്കില്‍ 15,000 സന്ദര്‍ശകര്‍ ഉണ്ടാകുമെന്നാണ് പാര്‍ക്ക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാട്ടുതീ മൂലം വീടുകളില്‍ നിന്നും കുടിയൊഴിക്കപ്പെട്ട ആളുകളുടെ എണ്ണം 17,500 ആയി. ലിറ്റില്‍ റെഡ് റിവര്‍ ക്രീ നേഷന്‍, ചിപെവ്യന്‍ പ്രെയറി, ഫസ്റ്റ് നേഷന്‍ തുടങ്ങിയിടങ്ങളില്‍ നിന്നെല്ലാം ആളുകള്‍ ഒഴിഞ്ഞുപോയി. സിറ്റി, ഹൈവേ 16, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലേക്ക് കാട്ടുതീ വ്യാപിക്കാതിരിക്കാനും കമ്മ്യൂണിറ്റികളില്‍ താമസിക്കുന്നവരെയും മറ്റ് ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിനുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് ജാസ്പര്‍ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. അതേസമയംസ പാലായനം ചെയ്യുന്നവര്‍ പ്രധാനപ്പെട്ട രേഖകള്‍, മരുന്നുകള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവ എടുക്കണമെന്ന് എമര്‍ജന്‍സി അലേര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു.