കാനഡയില്‍ വേനല്‍ക്കാലം രൂക്ഷമാകുന്നതോടെ കൊതുകുശല്യം വര്‍ധിക്കുകയാണ്. കൊതുകുകള്‍ പെരുകുന്നത് മാരകമായ വെസ്റ്റ് നൈല്‍ വൈറസിന്റെ അപകടസാധ്യതയും വര്‍ധിപ്പിക്കുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സീസണില്‍ കാനഡയില്‍ ആദ്യമായി വെസ്റ്റ്‌നൈല്‍ കേസ് ഓട്ടവയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജൂലൈ 19 നാണ് ഓട്ടവ സ്വദേശിക്ക് വെസ്റ്റ് നൈല്‍ രോഗം ഓട്ടവ പബ്ലിക് ഹെല്‍ത്ത് സ്ഥിരീകരിച്ചത്. 2000ത്തിന്റെ തുടക്കത്തിലാണ് കാനഡയില്‍ വെസ്റ്റ്‌നൈല്‍ വൈറസ് സ്ഥിരീകരിച്ചത്. പിന്നീട് ഓരോ വര്‍ഷങ്ങളിലും രോഗംബാധിക്കുന്നവരുടെ എണ്ണം കൂടി വന്നു. ഇപ്പോള്‍ രാജ്യത്തുടനീളം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് മോണ്‍ട്രിയലിലെ എന്റൊമോളജിസ്റ്റ് മോര്‍ഗന്‍ ജാക്‌സണ്‍ പറഞ്ഞു.
ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ കാനഡ(ഐപിഎസി) പ്രകാരം പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ എന്നിവ ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും വൈറസ് വ്യാപിച്ചു. ഹെല്‍ത്ത് കാനഡയില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നത് 2022 ല്‍ 47 കേസുകള്‍ ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ ഇത്തവണ കേസുകളുടെ എണ്ണം കുറവാണ്. കൊതുകുകള്‍ പെരുകുന്നത് രോഗം വര്‍ധിക്കാനിടവരുത്തുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ക്യുലക്‌സ് കൊതുക് പരത്തുന്ന പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം.
വെസ്റ്റ്‌നൈല്‍ വൈറസിനെതിരായി മരുന്നുകളോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍ രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയു പ്രതിരോധവുമാണ് പ്രധാനം. കൊതുകുകടി ഏല്‍ക്കാതിരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം.