2023ൽ 40 ദശലക്ഷം എച്ച്.ഐ.വി ബാധിതർ; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് യു.എന്‍

By: 600007 On: Jul 23, 2024, 5:15 PM

ന്യൂയോര്‍ക്ക്: ലോകത്തെ എച്ച്.ഐ.വി ബാധിതരുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് യു.എന്‍. എച്ച്.ഐ.വി-എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുഎൻ ഏജൻസിയായ UNAIDS ആണ് കണക്കുകൾ പുറത്തു വിട്ടത്. ആഗോള തലത്തിൽ എയ്ഡ്സ് പ്രതിരോധ സംവിധാനങ്ങളുടെ പുരോഗതിയെ ഈ കണക്കുകൾ ചോദ്യം ചെയ്യുന്നു.

2023ലെ എച്ച്.ഐ.വി ബാധിതരുടെ എണ്ണം 40 ദശലക്ഷമാണ്. വ്യക്തമായ ചികിത്സ ലഭിക്കാത്തതുമൂലം ഓരോ മിനിറ്റിലും ഒരാൾ മരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിങിൽ ഗണ്യമായ കുറവ് സംഭവിക്കുന്നതാണ് ഇതിന് കാരണമെന്നാണ് നിഗമനം. ഇതിന്റെ ഭാഗമായി മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, മധ്യേഷ്യ, ലാറ്റിൻ അമേരിക്ക എന്നീ മേഖലകളിലാണ് എച്ച്.ഐ.വി ബാധ വൻതോതിൽ പടർന്നു പന്തലിക്കുന്നത്.

ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ കൗമാരക്കാർക്കും യുവതികൾക്കുമിടയിൽ എച്ച.ഐ.വി ബാധിതരുടെ എണ്ണം അസാധാരണമാംവിധം വർധിക്കുന്നതായി വെളിപ്പെടുത്തുന്ന റിപ്പോർട്ട് പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരേയുള്ള ലിംഗപരമായ അസമത്വം അപകടസാധ്യത വർധിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.