പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഡെപ്യൂട്ടി പ്രൈംമിനിസ്റ്റര്‍ ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, ന്യൂ ഡെമോക്രാറ്റിക് ലീഡര്‍ ജഗ്മീത് സിംഗ് എന്നിവര്‍ക്ക് നേരെ ഓണ്‍ലൈനില്‍ വധഭീഷണി മുഴക്കിയ രണ്ട് ആല്‍ബെര്‍ട്ട സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 7 ന് വധഭീഷണി മുഴക്കിയ കേസില്‍ 67കാരനായ എഡ്മന്റണ്‍ സ്വദേശിക്കെതിരെ കുറ്റം ചുമത്തി. യൂട്യൂബ് അക്കൗണ്ട് ഉടമയായ ഇയാള്‍ നേതാക്കളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ജൂണ്‍ 13 ന് ഇയാള്‍ക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച എഡ്മന്റണിലെ കോടതിയില്‍ ഹാജരാക്കുമെന്ന് ആര്‍സിഎംപി അറിയിച്ചു.
ഇതിന് മുമ്പ് ജൂണ്‍ 6 ന് കാല്‍ഗറി സ്വദേശി ട്വിറ്ററിലൂടെയാണ് വധഭീഷണി മുഴക്കിയത്. ട്രൂഡോയെ കൊല്ലുമെന്നായിരുന്നു 23 വയസ്സുള്ള യുവാവിന്റെ ഭീഷണി. ഇതില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തി. ചൊവ്വാഴ്ച കാല്‍ഗറി കോടതിയില്‍ ഹാജരാക്കും.