അറ്റ്‌ലാന്റിക് കാനഡയിലേക്കുള്ള കുടിയേറ്റം കുറഞ്ഞതായി റിപ്പോര്‍ട്ട് 

By: 600002 On: Jul 23, 2024, 10:35 AM

 

 

കുറഞ്ഞ പാര്‍പ്പിട വിലയും മെച്ചപ്പെട്ട ജീവിത നിലവാരവും തേടി കനേഡിയന്‍ പൗരന്മാരുടെ മാരിടൈംസിലേക്കുള്ള കുടിയേറ്റം സമീപകാലങ്ങളിലായി കുറയുന്നതായി റിപ്പോര്‍ട്ട്. പാന്‍ഡെമിക് സമയത്ത് ഒന്റാരിയോയില്‍ നിന്ന് അറ്റ്‌ലാന്റിക് സമുദ്ര തീരത്തേക്ക് ആളുകളുടെ കുത്തൊഴുക്കുണ്ടായി. ഇത് പ്രവിശ്യകളിലെ ജനസംഖ്യ വര്‍ധിപ്പിച്ചു. വിദൂര ജോലികള്‍ ആരംഭിക്കുകയും കൂടുതല്‍ ചെലവ് കുറഞ്ഞ ജീവിതശൈലി ഉണ്ടാവുകയും ചെയ്തതോടെ മറ്റ് പ്രവിശ്യകളില്‍ നിന്നുള്ളവര്‍ ന്യൂബ്രണ്‍സ്‌വിക്ക്, നോവ സ്‌കോഷ്യ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് എന്നിവടങ്ങളില്‍ കുടിയേറ്റം വര്‍ധിച്ചു. 2016 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തേക്കാള്‍ 40 ശതമാനം കൂടുതലായിരുന്നു 2021 ലെ ഇന്റര്‍പ്രൊവിന്‍ഷ്യല്‍ കുടിയേറ്റം. എന്നാല്‍ 2021 ന് ശേഷം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി അറ്റ്‌ലാന്റിക് കാനഡയിലെ ജനസംഖ്യാ വളര്‍ച്ച കുറയുന്നതായി ടിഡി കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2060 ഓടെ പ്രവിശ്യയിലെ ജനസംഖ്യ 20 ലക്ഷത്തിലെത്തുക എന്ന ലക്ഷ്യമാണ് നോവസ്‌കോഷ്യയ്ക്കുള്ളത്. എന്നാല്‍ നിലവിലെ വളര്‍ച്ച നിരക്ക് മന്ദഗതിയിലായതിനാല്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ലും 2022 ലും  5,000 ത്തില്‍ കൂടുതലായിരുന്ന അന്തര്‍പ്രവിശ്യ കുടിയേറ്റക്കാരുടെ ഒഴുക്ക് 2024 ന്റെ തുടക്കത്തില്‍ ആയിരമായി കുറഞ്ഞു.