ട്രെൻഡായി യുകെയിൽ ‘ബിയർ ബാത്തിം​ഗ്’

By: 600007 On: Jul 23, 2024, 6:47 AM

‘ബിയർ ബാത്തിം​ഗ്’ എന്ന വാക്ക് കേട്ടിട്ടുണ്ടോ? അത് തന്നെ കുടിക്കുന്ന ബിയർ. ആ ബിയറിൽ കുളിക്കുന്നതിനെയാണ് ബിയർ ബാത്തിം​ഗ് എന്ന് പറയുന്നത്. ഇപ്പോൾ, യുകെയിലെ സ്പാകളിലും മറ്റും വെൽനെസ്സ് ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണത്രെ ഈ ബിയർ ബാത്തിം​ഗ് അഥവാ ബിയറിലുള്ള കുളി.

അടുത്തിടെ, ദി നോർഫോക്ക് മീഡ് ബോട്ടിക് ഹോട്ടൽ യുകെയിലെ ആദ്യത്തെ ബിയർ സ്പാ തുറന്നതായി റിപ്പോർട്ടുകൾ പറയുന്നു. ശരീരത്തെയും മനസിനെയും ശാന്തമാക്കാൻ ഈ ബിയറിലുള്ള കുളിക്ക് സാധിക്കും എന്നാണ് ഹോട്ടൽ പറയുന്നത്. ബിയർ ബാത്തിം​ഗ് എന്നാൽ കുറച്ച് പാത്രം ബിയറെടുത്ത് അതിൽ കുളിക്കുന്നത് മാത്രമല്ല കേട്ടോ. പകരം ഒരുപാട് നേരം നമ്മുടെ ശരീരം ബിയറിൽ മുക്കിവയ്ക്കുന്നത് കൂടിയാണ്. എന്നാൽ, ഈ ബിയർ ബാത്തിം​ഗ് ഒരു പുതിയ ട്രെൻഡായി മാത്രം കണ്ട് തള്ളിക്കളയേണ്ടുന്ന ഒന്നല്ല എന്നാണ് വിദ​ഗ്ധർ പറയുന്നത്. പകരം, കാലങ്ങളായി ബിയർ ബാത്തിം​ഗ് ഇവിടെയുണ്ടത്രെ.

കിഴക്കൻ യൂറോപ്പിൽ, 921 എഡി മുതൽ ബിയർ ബാത്തിം​ഗിനോട് സമാനമായ രീതികൾ നിലവിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡ്യൂക്ക് ഓഫ് ബൊഹേമിയ ഒരു കാലത്ത് ഇത് ആസ്വദിച്ചിരുന്നതായും പറയുന്നു. പ്രാഗിൽ ഇത് ജനപ്രിയമായി തുടരുകയും യുകെയിലെയും യുഎസിലെയും വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുകയായിരുന്നത്രെ.