കഴിഞ്ഞ ദിവസമുണ്ടായ മൈക്രോസോഫ്റ്റ് വിന്‍ഡോസിനുണ്ടായ സാങ്കേതിക പ്രശ്‌നം ആഗോളതലത്തില്‍ ബാങ്ക്, ഹോസ്പിറ്റല്‍, വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചു. പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ ഈ ആഗോളതകര്‍ച്ച മുതലെടുത്ത് പുതിയ സൈബര്‍ തട്ടിപ്പുകളും നടക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വിദഗ്ധര്‍. ടെക്‌സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൗഡ്‌സ്‌ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്ററിന്റെ പുതിയ അപ്‌ഗ്രേഡ് സോഫ്റ്റ്‌വെയറാണ് മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തനം താളം തെറ്റിച്ചത്. എന്നാല്‍ ഇതൊരു സൈബര്‍ ആക്രമണമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഈ സാഹചര്യം മുതലെടുത്താണ് പലതട്ടിപ്പുകളും ഇപ്പോള്‍ നടക്കുന്നത്. ക്രൗഡ്‌സ്‌ട്രൈക്ക് കമ്പനി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ലാറ്റിനമേരിക്കയില്‍ ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നതടക്കമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് സൂചനകള്‍. ഇത്തരം തട്ടിപ്പുകളെ കുറിച്ച് യുകെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തട്ടിപ്പുകള്‍ നടത്തുന്നതിനായി പുതിയ ചില വെബ്‌സൈറ്റ് ഡൊമൈനുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. തകര്‍ച്ചയ്ക്ക് പിന്നാലെ വരുന്ന സൈബര്‍ തട്ടിപ്പുകളില്‍ വീഴരുതെന്ന് കമ്പനി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളും, സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളും ജാഗ്രത പാലിക്കാനും നിര്‍ദ്ദേശിച്ചു.