എല്ലാ ശ്രദ്ധയും കമലാ ഹാരിസിലേക്ക്

By: 600007 On: Jul 22, 2024, 5:41 PM

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിൻമാറിയതോടെ എല്ലാ ശ്രദ്ധയും വൈസ് പ്രസിഡന്‍റ് കമല ഹാരിസിലേക്ക് നീളുകയാണ്. യുഎസ് വൈസ് പ്രസിഡന്‍റ് ആയ ആദ്യ വനിത, ആ പദവിയിലെത്തുന്ന ആദ്യ ആഫ്രോ ഇന്ത്യൻ അമേരിക്കൻ വനിത. ചരിത്രം കുറിച്ചുകൊണ്ടായിരുന്നു കമല ഹാരിസിന്റെ തുടക്കം. ബൈഡന്റെ പിൻമാറ്റം ചർച്ചയായപ്പോൾ തന്നെ കമല ഹാരിസിന്റെ പേര് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഓഗസ്റ്റിലെ ഡെമോക്രാറ്റ് പാർട്ടി ദേശീയ കൺവെൻഷനിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.'

ജമൈക്കൻ വംശജനായ അച്ഛൻ, ഇന്ത്യൻ വംശജ അമ്മ. കാലിഫോർണിയയിൽ ജനിച്ച കമലാ ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യത്തെ ആഫ്രോ അമേരിക്കൻ വനിതയാണ്. 2004 ൽ ഡിസ്ട്രിക് അറ്റോർണിയായിയിരുന്നു. ആദ്യത്തെ സ്വവർഗവിവാഹത്തിന് അധ്യക്ഷയായതും കമലാ ഹാരിസാണ്. മയക്കുമരുന്ന് കുറ്റവാളികളുടെ പുനരധിവാസത്തിനായി സംഘടന രൂപീകരിച്ചതും അക്കാലത്താണ്. 2010 കാലിഫോ‌ർണിയ അറ്റോർണി ജനറലായി. അനുചിതമായ കടമെടുപ്പിൽ രാജ്യത്തെ വൻകിട സാമ്പത്തികസ്ഥാപനങ്ങളുമായുള്ള സമവായചർച്ചകളിൽ നിന്ന് പിൻമാറി ഹാരിസ്. ശക്തമായ നടപടിയായിരുന്നു അത്.

2017ൽ സെനറ്റംഗമായി. സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യൻ അമേരിക്കനും രണ്ടാമത്തെ കറുത്ത വർഗക്കാരിയും. ബൈഡനേക്കാൾ ഇടത്, പക്ഷേ പല നിർണായക പ്രശ്നങ്ങളിലും മധ്യ വലത് പക്ഷത്തായിരുന്നു കമല ഹാരിസന്‍റെ നിലപാടുകൾ. 2020 ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ മത്സരിച്ചു. ജോ ബൈഡനുമായുള്ള സംവാദം ശ്രദ്ധ നേടി. ആദ്യം പിന്തുണ ലഭിച്ചെങ്കിലും പിന്നെ കുറഞ്ഞു. 2019ൽ കമല പ്രസിഡന്‍റ് പദവയിൽ നിന്നും പിൻമാറി.