ലോക നേതാക്കൾ അണിനിരക്കുന്ന വെർച്വൽ ഫാഷൻ ഷോ

By: 600007 On: Jul 22, 2024, 5:36 PM

ന്യൂയോർക്ക്: ലോക നേതാക്കൾ അണിനിരക്കുന്ന വെർച്വൽ ഫാഷൻ ഷോയുടെ വീഡിയോ പങ്കുവെച്ച് ടെസ്‌ല സിഇഒ എലോൺ മസ്‌ക്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് അടക്കം പ്രമുഖ നേതാക്കളാണ് മസ്ക്ക് പങ്കിട്ട എഐ ജനറേറ്റഡ് വീഡിയോയില്‍ ഉള്ളത്. ഓരോ നേതാക്കൾക്കും പ്രത്യേകം കോസ്റ്റ്യൂം അടക്കം നൽകി ഞെട്ടിക്കുന്ന തരത്തിലാണ് വീഡിയോ തയാറാക്കിയിട്ടുള്ളത്.

വെളുത്ത പഫർ കോട്ടും അരയിൽ സ്വർണ്ണ ബെൽറ്റും ധരിച്ച ഫ്രാൻസിസ് മാർപാപ്പയാണ് റാംപില്‍ ആദ്യം എത്തുന്നത്. മൾട്ടി കളര്‍ വേഷത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യക്ഷപ്പെടുന്നത്. കറുത്ത സണ്‍ഗ്ലാസും മോദിക്ക് നൽകിയിട്ടുണ്ട്. മുൻ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ ഗോകു വേഷം, ബാസ്കറ്റ്ബോൾ താരത്തിന്‍റെ വേഷം തുടങ്ങി പലവിധ ഗെറ്റപ്പുകളില്‍ എത്തുന്നുണ്ട്.

വീഡിയോയിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിൻ ലൂയിസ് വിറ്റൺ വസ്ത്രത്തിലും ജോ ബൈഡൻ വീൽചെയറിൽ സൺഗ്ലാസ് ധരിച്ചും എത്തുന്നു. മസ്‌ക് തന്നെ ഒരു ഫ്യൂച്ചറിസ്റ്റിക്, സൂപ്പർഹീറോ പോലെയുള്ള ടെസ്‌ല, എക്സ് കോസ്റ്റ്യൂമിലാണ് അവതരിപ്പിച്ചത്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, നാൻസി പലോസി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംഗ് തുടങ്ങി നിരവധി ലോക നേതാക്കളാണ് വീഡിയോയില്‍ പല തരത്തിലുള്ള വേഷത്തില്‍ എത്തിയിട്ടുള്ളത്. വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.