റഷ്യയുടെ തണുത്തുറഞ്ഞ വടക്ക് കിഴക്കന്‍ പ്രദേശമായ സൈബിരിയിലെ പെർമാഫ്രോസ്റ്റിൽ (permafrost)കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് മഞ്ഞ് ഉരുകാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പിന്നീട് ഇങ്ങോട്ട് പതിനായിരക്കണക്കിന് വർഷങ്ങള്‍ മുമ്പ് ജീവിച്ചിരുന്ന നൂറ് കണക്കിന് ജീവി വർഗ്ഗങ്ങളുടെ മമ്മികളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. അതില്‍ സൂക്ഷ്മ ജീവികള്‍ മുതല്‍ മാമോത്തിന്‍റെ കുഞ്ഞിനെ വരെ കണ്ടെത്തിയിട്ടുണ്ട്. ഈ ഗണത്തിലുള്ള ഏറ്റവും അവസാനത്തെ കണ്ടെത്തലാണ് 44,000 വർഷം പഴക്കമുള്ള ചെന്നായ. അതും വയറ്റില്‍ ഇരയോട് കൂടിയത്. പുതിയ കണ്ടെത്തലോടെ പുരാതന കാലത്തെ ജീവിവര്‍ഗങ്ങളെ കുറിച്ചും അക്കാലത്ത് സജീവമായിരുന്ന സൂക്ഷ്മാണുക്കളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.
2021-ൽ റഷ്യുടെ കിഴക്കന്‍ പ്രദേശമായ റിപ്പബ്ലിക് ഓഫ് സാഖയിലെയാകുട്ടിയ എന്നറിയപ്പെടുന്ന ഒരു നദിയിൽ നിന്നാണ് മമ്മിഫൈഡ് ചെന്നായയെ കണ്ടെത്തിയത്. എന്നാല്‍ അടുത്തിടെയാണ് ഈ ചെന്നായയുടെ ശവപരിശോധന ഗവേഷകര്‍ പൂര്‍ത്തിയാക്കിയത്. പ്ലീസ്റ്റോസീൻ കാലഘട്ടത്തില്‍ (Pleistocene -2.6 മില്യണ്‍ വര്‍ഷം മുതല്‍ 11,700 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ) ജീവിച്ചിരുന്ന പ്രായപൂര്‍ത്തിയായ ചെന്നായയാണ് ഇതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. കഴിഞ്ഞ ഹിമയുഗത്തിലെ ഈ പ്രദേശത്തെ ജീവിതത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്ന് യാകുത്‌സ്കിലെ നോർത്ത് - ഈസ്റ്റേൺ ഫെഡറൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.