കാനഡയിലെ വര്‍ധിക്കുന്ന വാഹനമോഷണം ഇന്‍ഷുറന്‍സ് ക്ലെയ്മുകളും വര്‍ധിപ്പിക്കുന്നു 

By: 600002 On: Jul 22, 2024, 7:11 AM

 

കാനഡയിലെ വാഹന മോഷണം തടയുന്നതിനുള്ള നടപടികള്‍ ഫെഡറല്‍ സര്‍ക്കാര്‍ ശക്തമാക്കുകയാണ്. എന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് അവരുടെ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളിലെ വര്‍ധന തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. Ratehub.ca  നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 48 ശതമാനം പേരും ഓട്ടോ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ കുത്തനെ വര്‍ധനവ് നേരിട്ടതായി പറഞ്ഞു. വാഹനമോഷണം വര്‍ധിക്കുന്നത് ഇന്‍ഷുറന്‍ പ്രീമിയങ്ങള്‍ വര്‍ധിക്കാനും ഇടയാക്കിയിട്ടുണ്ട്. അടുത്തിടെ ആഗോളതലത്തില്‍ വാഹന മോഷണവുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആദ്യ പത്ത് രാജ്യങ്ങളില്‍ കാനഡയും ഉള്‍പ്പെട്ടിട്ടുണ്ട്. 

വാഹന മോഷണം വര്‍ധിച്ചത് ഇന്‍ഷുറര്‍മാരില്‍ നിന്നുള്ള പേഔട്ടുകള്‍ വര്‍ധിക്കുന്നതിലേക്ക് സാഹചര്യം നയിച്ചു. ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡയുടെ കണക്കനുസരിച്ച്, സ്വകാര്യ വാഹന ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം മോഷണ ക്ലെയ്മുകളില്‍ നിന്ന് 1.5 ബില്യണ്‍ ഡോളര്‍ അടച്ചു. 2018 ലേതിനേക്കാല്‍ 254 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒന്റാരിയോയിലാണ് ക്ലെയ്മുകള്‍ ഏറ്റവും കൂടുതല്‍ വര്‍ധിച്ചത്. പ്രവിശ്യയില്‍ 524 ശതമാനം വര്‍ധിച്ച് ഒരു ബില്യണ്‍ ഡോളര്‍ കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. 

വാഹനമോഷണം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. കൂടാതെ ഡ്രൈവര്‍മാരും വാഹനഉടമകളും ജാഗ്രത പാലിക്കണമെന്നും മോഷണത്തിനെതിരെ കൂടുതല്‍ മുന്‍കരുതലുകളെടുക്കണമെന്നും സര്‍ക്കാര്‍ പറയുന്നു. ഇക്വിറ്റ് അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ആദ്യ ആറ് മാസങ്ങളില്‍ വാഹന മോഷണത്തില്‍ 17 ശതമാനം ഇടിവ് കാണിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് വാഹനമോഷണം കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.