വാഷിംഗ്‌ടണ്‍: ലോകം കണ്ട ഏറ്റവും വലിയ ഐടി പ്രതിസന്ധിക്കാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിന്‍റെ വീഴ്‌ച വഴിവെച്ചത്. ക്രൗഡ്‌സ്ട്രൈക്കിന്‍റെ അപ്‌ഡേറ്റിന് പിന്നാലെ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന 85 ലക്ഷം കമ്പ്യൂട്ടറുകള്‍ തകരാറിലാവുകയും ലോകമെമ്പാടുമുള്ള വ്യോമയാന, ബാങ്കിംഗ്, കമ്പനികള്‍, കമ്മ്യൂണിക്കേഷന്‍ തുടങ്ങി വിവിധ മേഖലകളുടെ പ്രവര്‍ത്തനം താറുമാറിലാവുകയുമായിരുന്നു.
പിന്നാലെ മാപ്പ് പറഞ്ഞ് ക്രൗഡ്‌സ്ട്രൈക്ക് സഹസ്ഥാപകനും സിഇഒയുമായ ജോര്‍ജ് കുര്‍ട്‌സ് രംഗത്തെത്തിയിരുന്നു. ഇതാദ്യമല്ല കുര്‍ട്‌സ് രാജ്യാന്തര തലത്തില്‍ വലിയ ഐടി തകര്‍ച്ചയുടെ ഭാഗമാകുന്നത്. മറ്റൊരു സൈബര്‍ സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ കമ്പനിയായ മക്കഫീയുടെ ഒരു അപ്‌ഡേറ്റ് തുടര്‍ന്ന് 2010ല്‍ പതിനായിരക്കണക്കിന് കമ്പ്യൂട്ടറുകള്‍ താറുമാറാക്കിയപ്പോള്‍ ജോര്‍ജ് കുര്‍ട്‌സായിരുന്നു ചീഫ് ടെക്‌നോളജി ഓഫീസര്‍. അന്ന് വിന്‍ഡോസ് എക്‌സ്‌പി പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കാണ് പ്രശ്‌നമുണ്ടായത് എന്ന് ന്യൂസ്‌ബൈറ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെയുണ്ടായ പ്രതിസന്ധിയാണ് മക്കഫീ 2011ല്‍ ഇന്‍റലില്‍ ലയിക്കാനുണ്ടായ കാരണം എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രശ്‌നബാധിത അപ്ഡേറ്റ് കാരണം 85 ലക്ഷം വിൻഡോസ് മെഷീനുകൾ പ്രവർത്തനരഹിതമായത്. ലോകത്തിലെ എറ്റവും കൂടുതൽ കമ്പ്യൂട്ടറുകളെ ബാധിച്ച സാങ്കേതിക പ്രശ്നമായി ഇത്. പക്ഷേ ലോകത്തുള്ള ആകെ മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളുടെ കണക്കെടുത്താൽ ഒരു ശതമാനത്തിലും താഴെ കമ്പ്യൂട്ടറുകൾ മാത്രമേ പ്രശ്നം നേരിട്ടുള്ളൂ എന്നാണ് കമ്പനി വിശദീകരണം. എന്നിട്ടുപോലും പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ ക്രൗഡ്‌സ്‌ട്രൈക്കിനും മൈക്രോസോഫ്റ്റിനും ഇതുവരെയായിട്ടില്ല എന്നത് പ്രശ്‌നത്തിന്‍റെ ഗൗരവം വ്യക്തമാക്കുന്നു.