ടാറ്റൂ കുത്താന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ എഫ്ഡിഎയുടെ പുതിയ ഗവേഷണം മനസ്സ് മാറ്റിയേക്കാം 

By: 600002 On: Jul 20, 2024, 7:12 PM

 

 

സീല്‍ ചെയ്ത ടാറ്റൂ ബോട്ടിലുകളിലും അണുവിമുക്തമെന്ന് അടയാളപ്പെടുത്തിയ പെര്‍മനന്റ് മേക്കപ്പ് മഷികളിലും ദശലക്ഷകണക്കിന് അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ പുതിയ ഗവേഷണ റിപ്പോര്‍ട്ട്. ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന മഷികളില്‍ ദശലക്ഷകണക്കിന് സൂക്ഷമജീവികള്‍ ഉണ്ടെന്നാണ് ഗവേഷണറിപ്പോര്‍ട്ട് പറയുന്നത്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെയാണ് റിപ്പോര്‍ട്ടിലൂടെ തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്ന് എഫ്ഡിഎ നാഷണല്‍ സെന്റര്‍ ഫോര്‍ ടോക്‌സിക്കോളജിക്കല്‍ റിസര്‍ച്ചിലെ മൈക്രോബയോളജിസ്റ്റ് സിയോങ് ജെ കിം പറയുന്നത്. പഠന റിപ്പോര്‍ട്ട് അപ്ലൈഡ് ആന്‍ഡ് എണ്‍വയോണ്‍മെന്റല്‍ മൈക്രോബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ചര്‍മ്മത്തില്‍ ടാറ്റൂ ചെയ്യുമ്പോള്‍ മഷിയിലൂടെ ശരീരത്തിനകത്തേക്ക് ബാക്ടീരിയ പ്രവേശിക്കുകയും വളരുകയും ചെയ്യുന്നു. ഇത് ഗുരുതരമായ അണുബാധകള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് എഫ്ഡിഎ പറയുന്നു. മാരകമായേക്കാവുന്ന മഷി ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള ഗുരുതരമായ അണുബാധകയും അപകടസാധ്യതകളെക്കുറിച്ചും മുന്‍ വര്‍ഷങ്ങളിലും ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നതായി എഫ്ഡിഎ പറഞ്ഞു.