യുഎസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോകത്തെ ഞെട്ടിച്ച വാർത്തകളിൽ ഒന്നായിരുന്നു മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ നടന്ന വധശ്രമം. ഇപ്പോഴിതാ ആ വധശ്രമം വീണ്ടും പുനസൃഷ്ടിച്ച് ലോകത്തെ ഞെട്ടിക്കുകയാണ് ഉഗാണ്ടയിലെ ഒരു കൂട്ടം കുട്ടികൾ. സമൂഹ മാധ്യമങ്ങളില്‍ ഇവർ പങ്കുവെച്ച വീഡിയോ വൈറലായി എന്ന് മാത്രമല്ല സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ വലിയ ആശങ്ക ഉയർത്തുകയും ചെയ്തു.
ടിക്ടോക്കർ ബ്ലുഡ് യുജി (TikToker Blud Ug) എന്ന ഉഗാണ്ടയിലെ കുട്ടികളുടെ ടിക് ടോക് സംഘത്തിന്‍റെ നേതൃത്വത്തിൽ, തടികൊണ്ടുള്ള റൈഫിളുകളും പ്ലാസ്റ്റിക് ക്രേറ്റുകളും പോലെയുള്ള താൽക്കാലിക വസ്തുക്കൾ ഉപയോഗിച്ചാണ് കുട്ടികൾ ആ സംഭവം പുനഃസൃഷ്ടിച്ചത്. ആക്ഷേപഹാസ്യം എന്ന നിലയിലാണ് കുട്ടികളുടെ സംഘം ഇത് അവതരിപ്പിച്ചതെങ്കിലും വീഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച് കാഴ്ചക്കാർക്ക് ഇടയിൽ വിഭിന്ന അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. വീഡിയോ കണ്ടവരിൽ ഭൂരിഭാഗവും ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം കുട്ടികളുടെ പുനരാവിഷ്ക്കരണം മികച്ചതായിരുന്നെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.