911 കോളുകള്‍ അടിയന്തര സേവനങ്ങള്‍ക്ക് മാത്രം; അനാവശ്യമായോ തെറ്റായോ കോള്‍ ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കി സറേ ആര്‍സിഎംപി 

By: 600002 On: Jul 20, 2024, 3:26 PM

 


911 നമ്പറില്‍ അടിയന്തര സേവനങ്ങള്‍ക്കായി മാത്രം വിളിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി സറേ ആര്‍സിഎംപി. കഴിഞ്ഞ വര്‍ഷം പതിനായിരക്കണക്കിന് കോളുകളാണ് തെറ്റി വന്നതെന്ന് പോലീസ് പറയുന്നു. അനാവശ്യ കോളുകള്‍ മറ്റ് അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് സാരമായി ബാധിക്കുമെന്നും പൊതുജനങ്ങള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. 2023 ല്‍ 911 ഡിസ്പാച്ചര്‍മാര്‍ക്ക് 103,627 കോളുകള്‍ ലഭിച്ചതായി സറേ ആര്‍സിഎംപി പറയുന്നു. ഇതില്‍ 72,343 കോളുകള്‍ തെറ്റായി ഡയല്‍ ചെയ്തവയായിരുന്നു. സറേയിലെ 911 കോളുകളുടെ 70 ശതമാനവും ഇതാണെന്ന് ആര്‍സിഎംപി പറയുന്നു. 

2023 ല്‍ അനാവശ്യ കോളുകളുടെ എണ്ണം 26 ശതമാനം വര്‍ധിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റായ കോളുകളുടെ 25 മുതല്‍ 35 ശതമാനം വരെ എമര്‍ജന്‍സി ലൈനുകളുടെ ദുരുപയോഗമായി കണക്കാക്കുന്നതായി പോലീസ് പറഞ്ഞു. ഇത്തരം കോളുകള്‍ അടിയന്തര സാഹചര്യങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കുന്നതിലേക്ക് നയിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുട്ടികള്‍ ഫോണ്‍ എടുത്ത് കളിക്കുമ്പോഴോ മറ്റ് നമ്പറിലേക്ക് വിളിക്കുമ്പോഴോ തെറ്റായി 911 ലേക്ക് കോള്‍ വരാമെന്ന് പോലീസ് പറഞ്ഞു.