മൈക്രോസോഫ്റ്റ് സാങ്കേതിക തകരാര്‍; ആഗോളതലത്തില്‍ സേവനങ്ങള്‍ നിശ്ചലമായി; പ്രശ്‌നം പരിഹരിച്ചെന്ന് കമ്പനി 

By: 600002 On: Jul 20, 2024, 1:56 PM

 


മൈക്രോസോഫ്റ്റിന്റെ സേവനങ്ങള്‍ തടസപ്പെട്ടത് ആഗോളതലത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വിമാനത്താവളങ്ങളുടെയും ബാങ്കുകളുടെയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെയും, പണമിടപാട് സേവനങ്ങള്‍, അടിയന്തര സേവനങ്ങള്‍, മാധ്യമസ്ഥാപനങ്ങള്‍ തുടങ്ങി ലോകമെമ്പാടും മൈക്രോസോഫ്റ്റ് സംവിധാനങ്ങളുടെ ഉപഭോക്താക്കളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. ഉച്ചയായപ്പോഴേക്കും പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയായിരുന്നു. 

ആന്റി വൈറസ് സേവനമായ ക്രൗഡ് സ്‌ട്രൈക്കിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിനെ തുടര്‍ന്നാണ് മൈക്രോസോഫ്റ്റ് സേവനങ്ങള്‍ താളം തെറ്റിയത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ് സ്‌ട്രൈക്കിന്റെ ഉപഭോക്താക്കളാണ് ബാധിക്കപ്പെട്ടവര്‍. ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റിന്റെ ഭാഗമായി കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഫാല്‍ക്കണ്‍ സെന്‍സര്‍ ആണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് കണ്ടെത്തല്‍. പ്രശ്‌നം മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ ക്ലൗഡ് സേവനത്തെ ബാധിക്കുകയും അത് മൈക്രോസോഫ്റ്റ് 365 സേവനങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുകയും ചെയ്യുകയായിരുന്നു. ഇത് ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസ്സപ്പെടുന്നതിന് ഇടയാക്കി. 

ക്രൗഡ് സ്‌ട്രൈക്ക് പുറത്തിറക്കിയ അപ്‌ഡേറ്റാണ് ആഗോളതലത്തില്‍ ഐ.ടി സംവിധാനങ്ങളെ ബാധിച്ചതെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല വെള്ളിയാഴ്ച രാത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ഈ പ്രശ്‌നത്തെക്കുറിച്ച് അറിവുണ്ടെന്നും ക്രൗഡ് സ്‌ട്രൈക്കുമായും വ്യവസായ മേഖലയുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വേണ്ട സാങ്കേതിക മാര്‍ഗനിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സോഫ്റ്റ്‌വെയര്‍ ബഗ് പരിഹരിച്ചെങ്കിലും ഓരോ കമ്പ്യൂട്ടറിലും പ്രശ്‌നം പരിഹരിക്കാന്‍ വലിയ പ്രയത്‌നം വേണ്ടിവരുമെന്ന് വിദഗ്ധര്‍ പ്രതികരിച്ചു.