മെക്‌സിക്കന്‍ പൗരന്മാര്‍ക്കുള്ള വിസ ഇളവ്: കാനഡയുടെ തീരുമാനം യുഎസുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി 

By: 600002 On: Jul 20, 2024, 12:13 PM

 


മെക്‌സിക്കന്‍ പൗരന്മാര്‍ക്കുള്ള വിസ ആവശ്യകത പിന്‍വലിക്കാനുള്ള ലിബറല്‍ സര്‍ക്കാരിന്റെ തീരുമാനം ബൈഡന്‍ ഭരണകൂടവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതായും അതിര്‍ത്തിയുടെ ഇരുവശത്തും കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതായും പുതിയ രേഖകളില്‍ പറയുന്നു. 2024 ഫെബ്രുവരി 29ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലറാണ് മെക്‌സിക്കന്‍ പൗരന്മാര്‍ക്ക് വിസ ഇളവ് പ്രഖ്യാപിച്ചത്. കാനഡയുടെ റെഫ്യൂജി സിസ്റ്റത്തെയും പ്രവിശ്യകളുടെ റിസോഴ്‌സുകളെയും പ്രതിസന്ധിയിലാക്കുന്ന അഭയാര്‍ത്ഥി ക്ലെയ്മുകളുടെ വര്‍ധന നിയന്ത്രിക്കാനായിരുന്നു ഈ നീക്കം. അതേസമയം, കാനഡയുടെ ഈ തീരുമാനം യുഎസ് ഉദ്യോഗസ്ഥരുടെ രോഷത്തിനും ഇടയാക്കിയിരുന്നു. വിസ ആവശ്യകത പുന:സ്ഥാപിക്കാന്‍ ഫെഡറല്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദവുമുണ്ടായി. 

മെക്‌സിക്കന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ വിസ രഹിത യാത്ര ദുരുപയോഗം ചെയ്യുന്നുവെന്ന് അമേരിക്ക ആശങ്ക പങ്കുവെച്ചിരുന്നു. ഈ ആശങ്കകള്‍ പരിഗണിക്കുന്നതായി കാനഡ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് രേഖകളില്‍ പറയുന്നു. 

കാനഡയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് മെക്‌സിക്കോ. 2016 ല്‍ ജസ്റ്റിന്‍ ട്രൂഡോ വിസ ആവശ്യകത എടുത്തുകളഞ്ഞു. തുടര്‍ന്ന് കാനഡയില്‍ മെക്‌സിക്കന്‍ അഭയാര്‍ത്ഥികളുടെ ഒഴുക്കാണ് ഉണ്ടായത്. കൂടാതെ, യുഎസ്-കാനഡ അതിര്‍ത്തിയിലൂടെയുള്ള കുടിയേറ്റക്കാരുടെ യാത്രയും വര്‍ധിച്ചു. 2023 ല്‍ അഭയാര്‍ത്ഥികളുടെ എണ്ണം 24,000 എന്ന റെക്കോര്‍ഡ് നിലയില്‍ എത്തി. ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത് ക്യുബെക്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫെഡറല്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ച്, ക്ലെയ്മുകളില്‍ ഏകദേശം 60 ശതമാനവും നിരസിക്കുകയോ പിന്‍വലിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തു.