ചാന്ദിപുര വൈറസ്: മരണം 20 ആയി, ഗുജറാത്തിൽ അതീവ ജാഗ്രതാ നിർദേശം

By: 600007 On: Jul 19, 2024, 5:37 PM

ഗാന്ധിനഗർ: ഗുജറാത്തിൽ ചാന്ദിപുര വൈറസ് (CHPV) വ്യാപനത്തെ തുടർന്ന് മരണം 20 ആയി. ഇന്നലെ മാത്രം മരിച്ചത് അഞ്ച് പേരാണ്. 37 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വൈറസ് വാഹകരായ ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം നൽകി.

പനിബാധിതരായ എല്ലാവരും ആശുപത്രിയില്‍  ചികിത്സക്കെത്തണമെന്നാണ് നിർദേശം. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരമെങ്കിലും കൂടുതൽ പേരിൽ രോഗബാധയുണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. 

1965ല്‍ മഹാരാഷ്ട്രയിലെ ചാന്ദിപുരയില്‍ കണ്ടെത്തിയ ഈ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നതാണ് തിരിച്ചടി. 2003 - 04 കാലഘട്ടങ്ങളില്‍  ഗുജറാത്തിലും ആന്ധ്രാ പ്രദേശിലും മഹാരാഷ്ട്രയിലുമായി 300ലധികം ആളുകൾക്ക് ജീവന്‍ നഷ്ടമാകാനിടയാക്കിയത് ഈ വൈറസ് ബാധയാണ്. പരത്തുന്നത് കൊതുകളും ഈച്ചകളുമായതിനാല്‍  സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങളും തുടങ്ങി. പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനി, വയറിളക്കം, ഛർദ്ദി, അപസ്മാരം, എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇത് തലച്ചോറിനെ ബാധിക്കുന്നതോടെ മരണം സംഭവിക്കും.