അസാധാരണമായ കാര്യങ്ങളോട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക മമതയുണ്ട്. അത്തരത്തിലെന്തെങ്കിലും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയാണെങ്കില്‍ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറുന്നു. ഗബ്രിയേൽ പിമെന്‍റൽ (Gabriel Pimentel), മേരി ടെമര ( Marie Temara) ദമ്പതികളെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് ഏറെ ഇഷ്ടമായത് ഇരുവരുടെയും അസാധാരണമായ ജീവിതം കൊണ്ട് തന്നെ. ദമ്പതികളുടെ ജീവിതത്തെ അസാധാരണമാക്കുന്നത് ഇരുവരുടെയും ഉയരവും. ഭര്‍ത്താവ് ഗബ്രിയേൽ പിമെന്‍റലിന് 3 അടി ഉയരം മാത്രമേയുള്ളൂ. എന്നാല്‍ ഭാര്യ മേരി ടെമരയ്ക്ക് ഏഴ് അടിയാണ് ഉയരം. ഈ ഉയര വ്യത്യാസമാണ് ദമ്പതിമാരെ സമൂഹ മാധ്യമങ്ങളിലെ പ്രിയപ്പെട്ട ദമ്പതിമാരാക്കുന്നതും.
കഴിഞ്ഞ ദിവസം ഗബ്രിയേൽ പിമെന്‍റൽ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ ഇരുവരും തമ്മിലുള്ള ഒരു നൃത്ത വീഡിയോ, 'ഉയരം കുറഞ്ഞ രാജാവ്, ഉയരമുള്ള രാജ്ഞി. ഞങ്ങളുടെ സ്വന്തം കാര്യം ചെയ്യുന്നു' എന്ന കുറിപ്പോടെ പങ്കുവച്ചു. വെറും നാല് ദിവസം കൊണ്ട് ഈ വീഡിയോ കണ്ടത് അമ്പത്തിയാറ് ലക്ഷം പേരാണ്. ഗബ്രിയേലിന്‍റെ ആരാധകര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിക്കുന്ന പേരാണ് 'രാജാവ്' (King). ഇരുവരും തമ്മില്‍ ഏതാണ്ട് നാല് അടിയുടെ ഉയര വ്യത്യാസമുണ്ടെങ്കിലും സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്നു. ഇരുവരുടെയും നിരവധി വീഡിയോകള്‍ നേരത്തെയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കാലിഫോർണിയ സ്വദേശിയും 44 -കാരനുമായ ഗബ്രിയേല്‍ യുഎസിലെ സിനിമാ നടന്‍ കൂടിയാണ്. മേര ടെമര മോഡലിംഗ് രംഗത്തും ജോലി ചെയ്യുന്നു.