ലണ്ടൻ: ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യുണൈറ്റഡ് നേഷൻസ് ഏജൻസിക്കുള്ള ധനസഹായം പുനരാരംഭിക്കുമെന്ന് യു.കെ അറിയിച്ചു. ബ്രിട്ടനിൽ പുതുതായി തെരഞ്ഞെടുത്ത ലേബർ പാർട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എൻ.ആർ.ഡബ്ല്യു.എ എന്ന യു.എൻ ഏജൻസിക്ക് നൽകിവന്ന ധനസഹായം മുൻ കൺസർവേറ്റീവ് ഗവൺമെൻ്റാണ് നിർത്തിവെച്ചത്.
ഏജൻസി നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബ്രിട്ടൻ വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി പാർലമെൻറിൽ പറഞ്ഞു. ഹമാസ് ഓപറേഷനിൽ യു.എൻ.ആർ.ഡബ്ല്യു.എ ഉദ്യോഗസ്ഥർ പങ്കാളികളായെന്ന് ജനുവരിയിൽ ഇസ്രായേൽ വ്യാജ ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് ബ്രിട്ടനും യു.എസും അടക്കം 16 രാജ്യങ്ങൾ ധനസഹായം നിർത്തിവച്ചത്. ഇതിൽ യു.എസ് ഒഴികെയുള്ള മറ്റുരാജ്യങ്ങളെല്ലാം തീരുമാനം പിൻവലിച്ച് സഹായം പുനരാരംഭിച്ചിട്ടുണ്ട്. “യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ഫണ്ടിങ് താൽക്കാലികമായി നിർത്തിവച്ചത് ഞങ്ങൾ ഒഴിവാക്കുകയാണ്. ബ്രിട്ടൻ 21 ദശലക്ഷം ഡോളർ ഏജൻസിക്ക് നൽകും” -ഡേവിഡ് ലാമി പറഞ്ഞു.