2022 ൽ അമേരിക്കയിലെ കൊളറാഡോ സ്വദേശിയായി ജെയ്‌സൺ കൂപ്പർ, കാലങ്ങളായി തന്‍റെ വീടിന് സമീപത്ത് കിടന്നിരുന്ന മാലിന്യം മാറ്റാന്‍ ശ്രമം നടത്തി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കൂപ്പറിന്, താന്‍ മാറ്റാന്‍ ശ്രമിക്കുന്നത് വെറും മാലിന്യമല്ലെന്നും മറിച്ച് അത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദിനോസറിന്‍റെ അസ്ഥികൂടമാണെന്നും വ്യക്തമായത്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ജെയ്‍സണ്‍ കൂപ്പറിന്‍റെ കണ്ടെത്തല്‍ മാധ്യമങ്ങളിൽ ആഘോഷിക്കപ്പെട്ടു. ഇന്ന് ആ അസ്ഥികള്‍ അദ്ദേഹത്തിന് നേടിക്കൊടുത്തത് ഒന്നും രണ്ടുമല്ല, 373 കോടി രൂപ! അസ്ഥികൂടങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ലേലമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ന്യൂയോർക്ക് സിറ്റിയിൽ നടന്ന സോതെബിയുടെ ലേലത്തിൽ ദിനോസറിന്‍റെ അസ്ഥികൂടം 44.6 മില്യൺ ഡോളർ (373 കോടി രൂപ) നാണ് ലേലത്തില്‍ പോയത്. 11 അടി (3.4 മീറ്റർ) ഉയരവും മൂക്ക് മുതൽ വാൽ വരെ 27 അടി നീളവുമുള്ള സസ്യഭുക്കായ സ്റ്റെഗോസോറസ് എന്ന ദിനോസറിന്‍റെ അസ്ഥികൂടമായിരുന്നു അത്. 'അപെക്സ്' എന്നാണ് ഈ അസ്ഥികൂടത്തിന് നല്‍കിയ പേര്. അപെക്സിന്‍റെ ഏതാണ്ട് 319 അസ്ഥികളാണ് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും സമ്പൂർണ്ണ ദിനോസര്‍ അസ്ഥികൂടങ്ങളിൽ ഒന്നാണിതെന്ന് സോതെബിസ് ലേലക്കാര്‍ പറഞ്ഞു.