ഡൗണ്‍ടൗണ്‍ വാന്‍കുവറില്‍ ടിക്‌ടോക് ഓഫീസ് തുറക്കുന്നു 

By: 600002 On: Jul 19, 2024, 12:30 PM

 

 

ഡൗണ്‍ടൗണ്‍ വാന്‍കുവറില്‍ പുതിയ ഓഫീസ് തുറക്കുമെന്ന് സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോം ടിക്‌ടോക്. കാനഡയിലെ ടിക്‌ടോക്കിന്റെ  വളര്‍ച്ച അടയാളപ്പെടുത്തുന്ന പുതിയ പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 595 ബുറാര്‍ഡ് സ്ട്രീറ്റിലുള്ള ത്രീ ബെന്റാല്‍ സെന്റര്‍ ഓഫീസ് ടവറിന്റെ 22 ആം നില മുഴുവന്‍ കമ്പനി ലീസിനെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. 

ആഗോളതലത്തില്‍ കമ്പനിയുടെ വിപുലീകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ ഓഫീസ് സ്ഥാപിച്ച് വളര്‍ച്ച കൈവരിക്കാനുള്ള ലക്ഷ്യത്തിലാണ് ടിക്‌ടോക്. ടെക് കമ്പനികളുടെ പ്രധാന ഗവേഷണ വികസന വിഭാഗങ്ങള്‍ സ്ഥാപിക്കുന്നതിന് അറിയപ്പെടുന്ന ആഗോള കേന്ദ്രമാണ് വാന്‍കുവര്‍. മെഷീന്‍ ലേണിംഗ്, സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറിംഗ്, ഡാറ്റ സയന്‍സ്, പ്രൊഡക്ട് മാനേജ്‌മെന്റ് എന്നിവയില്‍ അധിഷ്ഠിതമായ ജോലികളാണ് വാന്‍കുവറില്‍ നടക്കുകയെന്ന് കമ്പനി വ്യക്തമാക്കി. 

ലോസ് ഏഞ്ചല്‍സ്, സിംഗപ്പൂര്‍ എന്നിവടങ്ങളിലാണ് ഹെഡ്ക്വാര്‍ട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റി, ലണ്ടന്‍, ഡബ്ലിന്‍, പാരീസ്, ബെര്‍ലിന്‍, ദുബായ്, ജക്കാര്‍ത്ത, സിയോള്‍, ടോക്യോ എന്നിവടങ്ങളില്‍ കമ്പനിക്ക് ഓഫീസുകളുണ്ട്.