ത്രിദിന സന്ദര്‍ശനത്തിനായി മെലാനി ജോളി ചൈനയില്‍ 

By: 600002 On: Jul 19, 2024, 10:08 AM

 

 

കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി ത്രിദിന സന്ദര്‍ശനത്തിനായി ചൈനയിലെത്തി. മുന്‍കൂട്ടി അറിയിക്കാതെ അപ്രതീക്ഷിതമായാണ് മെലാനി ജോളി ചൈന സന്ദര്‍ശിക്കാനെത്തുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായാണ് കനേഡിയന്‍ വിദേശകാര്യ മന്ത്രി ചൈന സന്ദര്‍ശിക്കുന്നത്. 

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ക്ഷണപ്രകാരം വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മൂന്ന് ദിവസം മെലാനി ജോളി ചൈനയില്‍ തുടരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ലോകം കൂടുതല്‍ സങ്കീര്‍ണമായ ആഗോള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ മുറുകെപ്പിടിക്കുന്നതിനും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും വിശാലമായി മറ്റ് രാജ്യങ്ങളുമായി പ്രായോഗികമായി ഇടപഴകാന്‍ കാനഡ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിയുടെ ഓഫീസ് ചൈനാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ചൈന സന്ദര്‍ശനം ഫലപ്രദമാകുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്ന് മന്ത്രി പറഞ്ഞതായി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 

ചൈന-കാനഡ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വികസനത്തിനുമായി ജോളിയും വാങും തമ്മില്‍ ചര്‍ച്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.