ഫെഡറല്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലറുടെ മാണ്‍ട്രിയോളിലുള്ള ഓഫീസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. സുഡ്-ഔസ്റ്റ് ബറോയിലെ സെന്റ്-ജാക്വസ് സ്ട്രീറ്റിലുള്ള മില്ലറുടെ ഓഫീസ് പെയിന്റ് അടിച്ചും ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത നിലയിലുമാണ്. കൂടാതെ ഓഫീസിനുള്ളിലെ സാധനസാമഗ്രികള്‍ക്ക് കേടുപാടുകള്‍ വരുത്തിയിട്ടുണ്ടെന്നും മോണ്‍ട്രിയല്‍ പോലീസ് അറിയിച്ചു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. കെട്ടിടത്തിന് സമീപം കഴിഞ്ഞ ദിവസങ്ങളിലും ആഴ്ചകളിലും നിരവധി പ്രകടനങ്ങള്‍ നടന്നിരുന്നതായി പോലീസ് ചൂണ്ടിക്കാണിക്കുന്നു.
സംഭവം ക്രിമിനല്‍ നടപടിയാണെന്നും തന്റെ ടീം സുരക്ഷിതരാണെന്നും ഓഫീസിലെ ജീവനക്കാര്‍ക്കും പരുക്കുകളേറ്റിട്ടില്ലെന്നും മന്ത്രി മാര്‍ക്ക് മില്ലര്‍ പ്രസ്താവനയില്‍ പറഞ്ഞു. മാസങ്ങളായി തന്റെ ഓഫീസിനെതിരെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് 2015 മുതല്‍ വില്ലെ-മാരി-ലെ സുഡ്-ഔസ്റ്റ്-ഇലെ-ഡെസ്-സൊയേഴ്‌സ് എംപിയായ മില്ലര്‍ വ്യക്തമാക്കി.
കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്നാല്‍ അന്വേഷണം തുടരുകയാണെന്നും മോണ്‍ട്രിയല്‍ പോലീസ് പറഞ്ഞു.