ലിസ്റ്റീരിയ ബാക്ടീരിയ അടങ്ങിയ പാല്‍ ഉപയോഗിച്ച് ഒന്റാരിയോയില്‍ രണ്ട് മരണം 

By: 600002 On: Jul 19, 2024, 7:47 AM

 

 

ലിസ്റ്റീരിയ ബാക്ടീരിയ അടങ്ങിയ പാല്‍ ഉപയോഗിച്ച് ഒന്റാരിയോയില്‍ രണ്ട് പേര്‍ മരിച്ചു. സില്‍ക്ക് ബ്രാന്‍ഡായ ബദാം മില്‍ക്ക്, കോക്കനട്ട് മില്‍ക്ക്, ബദാം-കോക്കനട്ട് മില്‍ക്ക്, ഓട്‌സ് മില്‍ക്ക് എന്നിവയിലും ഗ്രേറ്റ് വാല്യൂ ബ്രാന്‍ഡായ ബദാം മില്‍ക്കിലും ലിസ്റ്റീരിയ ബാക്ടീരിയ അടങ്ങിയതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഈ ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. പാല്‍ ഉപയോഗിച്ച് രണ്ട് പേര്‍ മരിച്ചതായി കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി സ്ഥിരീകരിച്ചു. ഒന്‍പത് പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഏജന്‍സി അറിയിച്ചു. 

2023 ഓഗസ്റ്റിനും 2024 ജൂലൈക്കും ഇടയില്‍ 12 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 10 എണ്ണം ഒന്റാരിയോയിലും ഓരോന്ന് വീതം ക്യുബെക്കിലും നോവ സ്‌കോഷ്യയിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ ലിസ്റ്റീരിയ കേസുകളില്‍ 67 ശതമാനവും സ്ത്രീകളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 60 വയസ്സ് കഴിഞ്ഞവരിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ലിസ്റ്റീരിയ ബാക്ടീരിയ അടങ്ങിയ ഭക്ഷണം ചീത്തയായതായി തിരിച്ചറിയില്ല. എന്നാല്‍ ജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്ക് കാരണമാകുമെന്ന് കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.