സമ്മര്‍ സീസണില്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്(സിഎഫ്ഡി). ബോട്ടിംഗ്, റാഫ്റ്റിംഗ്, നീന്തല്‍ തുടങ്ങിയ ആക്ടിവിറ്റികളില്‍ മുഴുകി വേനല്‍ക്കാലം ആസ്വദിക്കാനെത്തുന്നവര്‍ ധാരാളമാണ്.എന്നാല്‍ വെള്ളമുള്ളയിടത്ത് അപകടസാധ്യതയുമുണ്ട്. ജലാശയങ്ങളില്‍ ഇറങ്ങി അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. വാട്ടര്‍ റെസ്‌ക്യൂ കോളുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്നും ജൂലൈയില്‍ മാത്രം 50 ല്‍ അധികം പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ പറഞ്ഞു.
ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ശ്രദ്ധയോടെ മാത്രം വാട്ടര്‍ ആക്ടിവിറ്റികളില്‍ ഏര്‍പ്പെടണമെന്നും സിഎഫ്ഡി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കായി അഗ്നിശമന സേനയുടെ ബോട്ടുകള്‍ പതിവായി നദികളില്‍ പട്രോളിംഗ് നടത്തുന്നുണ്ടെന്ന് സിഎഫ്ഡി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കരോള്‍ ഹെന്‍കെ പറഞ്ഞു.
വെള്ളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് എപ്പോഴും ജലനിരപ്പ് പരിശോധിക്കാനും ശരിയായ ബോട്ടിംഗ് ഉപകരണങ്ങള്‍ കൈവശമുണ്ടെന്ന് ഉറപ്പിക്കാനും എപ്പോഴും ലൈഫ് ജാക്കറ്റ് ധരിക്കാനും ഹെന്‍കെ ആവശ്യപ്പെടുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ആരെങ്കിലും വെള്ളത്തില്‍ മുങ്ങി അപകടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാട്ടര്‍ റെസ്‌ക്യൂവില്‍ പരിശീലനം നേടാത്തവര്‍ വെള്ളത്തില്‍ ചാടരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നു. രക്ഷയ്ക്കായി മരച്ചില്ലകളോ കയറോ അവര്‍ക്കായി ഇട്ടുനല്‍കാം. ഉടന്‍ 911 ല്‍ വിളിച്ച് ബന്ധപ്പെടാമെന്നും അറിയിച്ചു.