കാനഡയിലുടനീളം പബ്ലിക് ട്രാന്‍സിറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനായി 30 ബില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ജസ്റ്റിന്‍ ട്രൂഡോ 

By: 600002 On: Jul 18, 2024, 10:53 AM

 

 

കാനഡയിലുടനീളം പുതിയതും മെച്ചപ്പെട്ടതുമായ പബ്ലിക് ട്രാന്‍സിറ്റ് ഇന്‍ഫ്രാസ്ട്രക്ചറിനായി പെര്‍മനന്റ് പബ്ലിക് ട്രാന്‍സിറ്റ് ഫണ്ട് പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍. 2019 ലെ ഫെഡറല്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ലിബറല്‍ പാര്‍ട്ടി ഇത്തരമൊരു പദ്ധതി വാഗ്ദാനം ചെയ്തതിന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പ്രഖ്യാപനമുണ്ടാകുന്നത്. കാനഡ പബ്ലിക് ട്രാന്‍സിറ്റ് ഫണ്ട്( CPTF)  എന്നാണ് ഇത് അറിയപ്പെടുന്നത്. പത്ത് വര്‍ഷത്തിനുള്ളില്‍ നടത്തുന്ന ട്രാന്‍സിറ്റ് പദ്ധതികള്‍ക്കായി 30 ബില്യണ്‍ ഡോളര്‍ ധനസഹായം പബ്ലിക് ട്രാന്‍സിറ്റ് അതോറിറ്റികള്‍ക്കായി നല്‍കുന്നു. 2026 ലാണ് പദ്ധതിക്കായി ധനസഹായം ലഭ്യമായി തുടങ്ങുകയെന്നും അതോറിറ്റികള്‍ വ്യക്തമാക്കി.  

സിപിടിഎഫ് പ്രവര്‍ത്തന ചെലവുകള്‍ക്കുള്ള സബ്‌സിഡി അല്ല. പകരം പുതിയതും മെച്ചപ്പെട്ടതുമായ ട്രാന്‍സിറ്റ് ലൈനുകള്‍ നിര്‍മ്മിക്കുക, സര്‍വീസ് വിപുലീകരണം, ബസുകളും ട്രെയിനുകളും ഏറ്റെടുക്കല്‍, പുതിയ പാസഞ്ചര്‍ ഫെറികളുടെ സര്‍വീസ്, മെച്ചപ്പെട്ട സര്‍വീസുകള്‍, അറ്റകുറ്റപ്പണികള്‍ക്കായുള്ള ചെലവ് എന്നിവയ്ക്കുള്ള ധനസഹായമാണ് ഇത്. 

മൂന്ന് ബില്യണ്‍ വാര്‍ഷിക ഫണ്ട് മൂന്ന് വ്യത്യസ്ത സ്ട്രീമുകളായി വിഭജിച്ചാണ് നല്‍കുക. സിപിടിഎഫിന്റെ മൂന്നില്‍ രണ്ട് ഭാഗം അല്ലെങ്കില്‍ പ്രതിവര്‍ഷം രണ്ട് ബില്യണ്‍ ഡോളര്‍ മെട്രോ-റീജിയന്‍ എഗ്രിമെന്റ്‌സ് എന്ന സ്ട്രീമിലേക്കാണ് നിക്ഷേപിക്കുക. രണ്ടാമത്തെ സ്ട്രീമായ ബേസ്‌ലൈന്‍ ഫണ്ടിംഗ് സിപിടിഎഫിന്റെ 17 ശതമാനം വരും. പ്രതിവര്‍ഷം 500 മില്യണ്‍ ഡോളര്‍ ലഭിക്കും. സിപിടിഎഫിന്റെ മറ്റൊരു 17 ശതമാനം ടാര്‍ഗറ്റെഡ് ഫണ്ടിംഗ് സ്ട്രീമിലേക്ക് നല്‍കും.