ഇംഗ്ലണ്ടിനു പിന്നാലെ അയർലൻഡും; യുവതിയുടെ മരണത്തിന് കാരണമായ ഇനം നായ്ക്കള്‍ക്ക് നിരോധനം

By: 600007 On: Jul 17, 2024, 5:24 PM

ഡബ്ലിൻ ∙ യുകെയ്ക്ക് പിന്നാലെ എകസ്എൽ ബുള്ളി ഇനം നായ്ക്കളെ നിരോധിക്കാനൊരുങ്ങി അയർലൻഡും. ഐറിഷ് ഡിപ്പാർട്ട്‌മെന്റ് ഓഫ് റൂറൽ ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റാണ് നിരോധനം പ്രഖ്യാപിച്ചത്. എകസ്എൽ ബുള്ളി ഇനം നായ്ക്കളുടെ വിൽപ്പന, സംഭാവന, ഉപേക്ഷിക്കൽ, പ്രജനനം എന്നിവയാണ് നിരോധിച്ചിരിക്കുന്നത്. ഒക്ടോബർ മുതൽ നിരോധന നിയമം പ്രാബല്യത്തിൽ വരും.

നിലവിൽ ഈ ഇനം നായ്ക്കളുടെ ഉടമസ്ഥാവകാശം ഉള്ളവർക്ക് നായ്ക്കളെ വളർത്താൻ “ഒഴിവാക്കൽ സർട്ടിഫിക്കറ്റ്” (എക്സെംഷൻ സർട്ടിഫിക്കറ്റ്) നിർബന്ധമാണ്. ഇത് ലഭിക്കാത്ത പക്ഷം, 2025 ഫെബ്രുവരി 1 മുതൽ എകസ്എൽ ബുള്ളിയുടെ ഉടമസ്ഥാവകാശവും നിരോധിക്കപ്പെടും.

പൊതു സുരക്ഷ മുന്നിൽകണ്ടാണ് നിരോധനം. ലിമെറിക്കിലെ നിക്കോൾ മോറി എന്ന യുവതിയുടെ മരണവും എക്‌സ്എൽ ബുള്ളികളുടെ സമീപകാലത്തുണ്ടായ നിരവധി ആക്രമണങ്ങളെയും തുടർന്നാണ് നിരോധനം ഏർപ്പടുത്തിയതെന്ന് മന്ത്രി ഹെതർ ഹംഫ്രീസ് പറഞ്ഞു. മാർച്ചിൽ, നായ നിയന്ത്രണ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി മുൻ സീനിയർ ഐറിഷ് പൊലീസ് ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കി ഹെതർ ഹംഫ്രീസ് ഒരു ഗ്രൂപ്പ് രൂപികരിച്ചിരുന്നു. ഇതിന് മുൻപ് ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസും നിരോധനം ആവശ്യമാണെന്ന് പറഞ്ഞിരുന്നു.