കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ കണ്ടെത്തിയ നിധിക്ക് 200 വർഷത്തിന് മുകളിൽ പഴക്കമെന്ന് പുരാവസ്തു വകുപ്പ്. വെനീഷ്യൻ പ്രഭുക്കൻമാരുടെ നാണയങ്ങളും, മലബാറിലെ രാജവംശങ്ങൾ ഉപയോഗിച്ച നാണയങ്ങളുമാണ് കൂട്ടത്തിൽ. നിധി കണ്ടെത്തിയ സ്ഥലത്ത് ഇനി പരിശോധന വേണ്ടെന്നാണ് പുരാവസ്തുവകുപ്പിന്റെ പ്രാഥമിക തീരുമാനം.
ബോംബെന്നും കൂടോത്രമെന്നും സംശയിച്ച ചെങ്ങളായിയിലെ നിധി. കഴിഞ്ഞ വ്യാഴാഴ്ച മഴക്കുഴി കുഴിച്ചുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ കൈയിൽ കിട്ടിയത്. ഒടുവിലാ നിധിയുടെ ചുരുളഴിയുന്നു. പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന പൂർത്തിയായി. നിധിക്ക് 200 വർഷത്തിനടുത്ത് പഴക്കമുണ്ടെന്നാണ് സ്ഥിരീകരണം.
കണ്ടെത്തിയ 13 കാശിമാലകൾ വെനീസിലെ 3 പ്രഭുക്കന്മാരുടെ കാലത്തെ സ്വർണ നാണയങ്ങൾ കൊണ്ട് നിർമ്മിച്ചവ. പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിലെ വെനീഷ്യൽ നാണയങ്ങളാണ് കാശിമാലയിൽ ഉപയോഗിച്ചത്. കൂടെയുള്ള മുത്തുകൾ കാശിമാലയിൽ ഇടാനുള്ളത്. ഒപ്പം രണ്ട് ജിമിക്കികമ്മലും. അവയ്ക്കും അതേ പഴക്കം. നിധിയിലെ വെള്ളിനാണയങ്ങൾ മൂന്നു തരം. ആദ്യത്തേത് കണ്ണൂർ അറക്കൽ രാജവംശം ഉപയോഗിച്ച കണ്ണൂർ പണം. ആലിരാജാവിന്റെ കാലത്തുള്ളവ. രണ്ട് നൂറ്റാണ്ട് പഴക്കമുള്ള കണ്ണൂർ പണമാണ് കൂട്ടത്തിൽ ഏറ്റവും പുതിയത്.
രണ്ട് വെളളി നാണയങ്ങൾ വീരരായൻ പണം. അതായത് സാമൂതിരി കാലത്തുളളത്. ബ്രിട്ടീഷുകാർക്കും മുമ്പ് മലബാറിൽ പ്രചാരത്തിലുണ്ടായിരുന്ന നാണയം.കൂടാതെ രണ്ട് പുതുച്ചേരി പണവുമുണ്ട്. ഇൻഡോ ഫ്രഞ്ച് നാണയങ്ങളെന്നറിയപ്പെടുന്നത്. ചെമ്പ് പാത്രത്തിലാക്കി 1826 നുശേഷം കുഴിച്ചിട്ടതാണിവ.നിധിയുടെ കാര്യത്തിൽ വ്യക്തത വന്ന സ്ഥിതിക്ക് ഇനി പരിപ്പായിയിലെ റബർതോട്ടത്തിൽ തുടർ പരിശോധന വേണ്ടെന്നാണ് പുരാവസ്തുവകുപ്പിന്റെ തീരുമാനം.