ജീവിച്ചിരിക്കുന്നയാളെ മരിച്ചെന്ന് ആല്‍ബെര്‍ട്ട നെറ്റ്‌കെയറില്‍ ലിസ്റ്റ് ചെയ്തതായി പരാതി; കാരണം തേടി കാല്‍ഗറി സ്വദേശിനി

By: 600002 On: Jul 17, 2024, 3:27 PM

 


ആല്‍ബെര്‍ട്ട ഹെല്‍ത്ത് റിപ്പോര്‍ട്ടിംഗ് സൈറ്റായ നെറ്റ്‌കെയറില്‍(Netcare)  ജീവിച്ചിരിക്കുന്ന യുവതിയെ  മരിച്ചെന്ന് ലിസ്റ്റ് ചെയ്തതായി പരാതി. ഇത് എങ്ങനെ സംഭവിച്ചുവെന്ന ഉത്തരങ്ങള്‍ തേടുകയാണ് കാല്‍ഗറി സ്വദേശിനി ഐറിന്‍ ജെയ്മി. മെയ് മാസം ഭര്‍ത്താവിന് ഡോക്ടറുടെ ഓഫീസില്‍ നിന്നും ഫോണ്‍ കോള്‍ വന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. 

ഒരു രോഗിയുടെ പ്രധാന ആരോഗ്യ വിവരങ്ങളുടെ ഇലക്ട്രോണിക് റെക്കോര്‍ഡാണ് നെറ്റ്‌കെയര്‍. പരമ്പരാഗതമായി ഫിസിഷ്യന്മാരുടെ ഓഫീസ്, ടെസ്റ്റിംഗ് ഫെസിലിറ്റി, ആശുപത്രികള്‍, ഫാര്‍മസികള്‍ തുടങ്ങിയ മെഡിക്കല്‍ ഫെസിലിറ്റികളില്‍ ആരോഗ്യ വിവരങ്ങള്‍ പേപ്പര്‍ ഫയലുകളിലാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓരോ സൈറ്റുകളിലും കമ്പ്യൂട്ടറുകളില്‍ ശേഖരിച്ചുവയ്ക്കുന്നു. ഇതാണ് നെറ്റ്‌കെയര്‍. 

തന്റെ ഡോക്ടര്‍ ക്ലെയിം സര്‍വീസിനായി സമര്‍പ്പിച്ചപ്പോള്‍ അത് നിരസിക്കപ്പെട്ടതായി കണ്ടു. പിന്നീട് കവറേജ് അവസാനിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നെറ്റ്‌കെയറില്‍ താന്‍ മരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടെത്തിയതെന്ന് ജെയ്മി പറയുന്നു. സൈറ്റ് പരിശോധിക്കാന്‍ ഫാര്‍മസിസ്റ്റിനെ സമീപിച്ചു. അതില്‍ ഐറിന്‍ ജെയ്മി തന്റെ 44 ആം ജന്മദിനത്തിന് രണ്ട് ദിവസം മുമ്പ് 2024 മാര്‍ച്ച് 24 ന് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ നെറ്റ്‌കെയറില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ വളരെ ലാഘവത്തോടെയാണ് അവര്‍ സംസാരിച്ചതെന്ന് അവര്‍ ആരോപിക്കുന്നു. താന്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുമെന്ന് അറിയിച്ചപ്പോള്‍ പിന്നീട് തിരിച്ചുവിളിച്ചു. താങ്കള്‍ വീണ്ടും ജീവിച്ചിരിക്കുന്നു, അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്യുന്നതായി നെറ്റ്‌കെയര്‍ സ്റ്റാഫ് പറഞ്ഞതായി ജെയ്മി പറഞ്ഞു. 

നെറ്റ്‌കെയറില്‍ വിവരങ്ങള്‍ വീണ്ടും ചേര്‍ക്കാമെന്ന് അറിയിച്ചു. എങ്കിലും തന്റെ റെക്കോര്‍ഡ് ആരാണ് ആക്‌സസ് ചെയ്തതെന്ന് തനിക്കറിയണമെന്നും അത് തന്റെ അവകാശമാണെന്നും അവര്‍ പറഞ്ഞു. തന്റെ അക്കൗണ്ട് പുന:സ്ഥാപിച്ചതില്‍ താന്‍ സന്തോഷവതിയാണെന്നും ജെയ്മി കൂട്ടിച്ചേര്‍ത്തു.