ഈ വര്‍ഷം ആദ്യമായി ടൊറന്റോയിലെ കൊതുകുകളില്‍ വെസ്റ്റ് നൈല്‍ വൈറസ് സ്ഥിരീകരിച്ചതായി ടൊറന്റോ പബ്ലിക് ഹെല്‍ത്ത്(ടിപിഎച്ച്) അറിയിച്ചു. അണുബാധിതരായ കൊതുകിന്റെ കടിയിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. എല്ലാ വര്‍ഷവും ജൂണ്‍ പകുതി മുതല്‍ സെപ്റ്റംബര്‍ പകുതി വരെ നഗരത്തിലെ കൊതുകുകളില്‍ വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാറുണ്ടെന്ന് ഏജന്‍സി പറയുന്നു.
ആഴ്ചയിലൊരിക്കല്‍, കൊതുകുകളെ ശേഖരിക്കുന്നതിനായി നഗരത്തിലുടനീളം കൊതുക് കെണികള്‍ സ്ഥാപിക്കും. തുടര്‍ന്ന് അവയെ ലബോറട്ടറിയില്‍ എത്തിച്ച് പരിശോധിക്കുന്നതിനായി ലാബ് ബാച്ചുകളായി തരംതിരിക്കും. ടൊറന്റോയില്‍ നിന്നും ശേഖരിച്ച കൊതുകളിലാണ് ഇത്തരത്തില്‍ പരിശോധന നടത്തിയപ്പോള്‍ വെസ്റ്റ് നൈല്‍ കണ്ടെത്തിയതെന്ന് ടിപിഎച്ച് വ്യക്തമാക്കി.