കാല്‍ഗറിയില്‍ ജലവിതരണ പൈപ്പുകളിലുണ്ടാകുന്ന ചോര്‍ച്ച കാരണം ഒരു വര്‍ഷം കോടിക്കണക്കിന് ലിറ്റര്‍ ജലം നഷ്ടപ്പെടുന്നതായി കാല്‍ഗറി സിറ്റിയുടെ റിപ്പോര്‍ട്ട്. 2022 ല്‍ 22 ശതമാനം ജലമാണ് നഗരത്തിന് നഷ്ടമായതെന്നും ഇതില്‍ 88 ശതമാനവും ചോര്‍ച്ച കാരണമാണ് നഷ്ടമായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആ വര്‍ഷം മാത്രം കണക്കില്‍പ്പെടാത്ത വെള്ളത്തിന്റെ അളവ് ഏകദേശം 31.6 ബില്യണ്‍ ലിറ്ററിന് തുല്യമാണ്. എഡ്മന്റണില്‍ 2022 ല്‍ വെള്ളത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ചോര്‍ച്ച കാരണം നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കാല്‍ഗറിയിലെ പ്രധാന ജലവിതരണ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ജാഗ്രതയോടെയാണ് ഇപ്പോള്‍ നീങ്ങുന്നതെന്ന് അധികൃതര്‍ പറഞ്ഞു. തകരാര്‍ പരിഹരിച്ച് ജലവിതരണം പുന:സ്ഥാപിക്കാന്‍ ഒരു മാസത്തോളമെടുത്തു. ഇതോടെ പൈപ്പുകളിലെ ചോര്‍ച്ച പരിഹരിക്കാന്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നതെന്ന് സിറ്റി വ്യക്തമാക്കി.