ഹംബോള്‍ട്ട് ബ്രോങ്കോസ് ബസ് അപകടത്തില്‍ പ്രതിയായ ഇന്ത്യന്‍ വംശജനായ ട്രക്ക് ഡ്രൈവര്‍ ജസ്‌കിരത് സിംഗ് സിദ്ധു തന്റെ സ്ഥിര താമസ പദവി തിരികെ ലഭിക്കാന്‍ അപക്ഷേ നല്‍കി. ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി ബോര്‍ഡ് മെയ് മാസത്തില്‍ ജസ്‌കിരത് സിംഗ് സിദ്ദുവിനെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും സ്ഥിരതാമസ പദവി റദ്ദാക്കുകയും ചെയ്തിരുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സ്ഥിര താമസ പദവി വീണ്ടെടുക്കാന്‍ തന്റെ ക്ലയ്ന്റ് അപേക്ഷിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ മൈക്കല്‍ ഗ്രീന്‍ അറിയിച്ചു. എന്നാല്‍ അപേക്ഷ പ്രോസസ് ചെയ്യാന്‍ രണ്ട് വര്‍ഷം വരെ സമയം എടുക്കുമെന്നാണ് ഗ്രീന്‍ പറയുന്നത്.
സിദ്ദുവിന്റെ കാനഡയിലെ ജീവിതം, കുടുംബ ബന്ധങ്ങള്‍, കമ്മ്യൂണിറ്റിയുമായുള്ള ബന്ധം, സിദ്ദുവിന്റെ കുട്ടിയുടെ സംരക്ഷണം എന്നിവ പരിഗണിക്കുന്നുണ്ടെന്ന് ഗ്രീന്‍ പറഞ്ഞു. സിദ്ദുവിന്റെ ഒരു വയസ്സുള്ള കുഞ്ഞ് ഗുരുതര ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലാണ്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിലും ചികിത്സയിലും ആശങ്കയിലാണ് തന്റെ ക്ലയ്ന്റ് എന്നും ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ കുഞ്ഞിന്റെ സ്ഥിതി രൂക്ഷമാകുമെന്നും ഗ്രീന്‍ പറയുന്നു. കുഞ്ഞിന്റെ ആരോഗ്യം കണക്കിലെടുത്ത് സ്ഥിരതാമസ പദവി തിരികെ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.