ബീസിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ബാഗുകളുടെ നിരോധനം പ്രാബല്യത്തില്‍ 

By: 600002 On: Jul 16, 2024, 11:22 AM

 

ബ്രിട്ടീഷ് കൊളംബിയയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിയന്ത്രണങ്ങള്‍ ജൂലൈ 15 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ, എല്ലാ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളും പ്രവിശ്യയിലുടനീളമുള്ള സ്റ്റോറുകളില്‍ നിന്ന് നല്‍കുന്നത് നിരോധിക്കും. കൂടാതെ, ഓക്‌സോ-ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് പാക്കേജിംഗും മറ്റ് ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കളും പ്രവിശ്യയില്‍ വില്‍ക്കാന്‍ അനുവദിക്കില്ല. 

നിരോധനം വന്നതോടെ റീട്ടെയ്‌ലര്‍മാര്‍ പേപ്പര്‍ ഷോപ്പിംഗ് ബാഗിന് കുറഞ്ഞത് 25 സെന്റും പുനരുപയോഗിക്കാവുന്ന ബാഗിന് കുറഞ്ഞത് 2 ഡോളറും ഈടാക്കും. പഴങ്ങള്‍, പച്ചക്കറികള്‍, ബള്‍ക്ക് ഫുഡ്, മാംസം എന്നിങ്ങനെയുള്ള സ്‌റ്റോറുകളില്‍ നല്‍കുന്ന ബാഗുകളെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ഡിസംബറോടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് മാറ്റങ്ങള്‍ നിലവില്‍ വന്നത്. ബീസിയില്‍ ഒരേ സമയം പ്ലാസ്റ്റിക് പാത്രങ്ങളും പ്രീ-പാക്കേജ്ഡ് ഫുഡ് സര്‍വീസ് ഐറ്റങ്ങളും നിരോധിക്കുന്നു.