റോം: കർഷകത്തൊഴിലാളികളെ അടിമകളാക്കി ജോലി ചെയ്യിച്ചിരുന്ന രണ്ട് ഇന്ത്യൻ പൗരന്മാർ ഇറ്റലിയില്‍ അറസ്റ്റില്‍. ഇറ്റലിയിലെ വെറോണ പ്രവിശ്യയിലാണ് ഇന്ത്യക്കാരായ 33 പേരെ അടിമകളാക്കി ജോലി ചെയ്യിപ്പിച്ചിരുന്നത്.
കാർഷികമേഖല കന്പനികളുടെ ഉടമസ്ഥരായ പ്രതികള്‍ രേഖകളില്ലാതെ ജീവനക്കാരെ നിയമിച്ച് നികുതിവെട്ടിപ്പു നടത്തിയതായി വാർത്താ ഏജൻസിയായ എഎൻഎസ്‌എ റിപ്പോർട്ട് ചെയ്തു. 4,75,000 യൂറോ വിലമതിക്കുന്ന സ്വത്തുക്കളും ഇവരില്‍നിന്നു ഫിനാൻസ് പോലീസ് പിടിച്ചെടുത്തു.
കൈ മുറിഞ്ഞ ഇന്ത്യൻ കർഷകതൊഴിലാളിയെ ഇറ്റാലിയൻ തൊഴിലുടമ ഉപേക്ഷിച്ചതിനെത്തുടർന്ന് രക്തം വാർന്നു മരിച്ച സംഭവം വാർത്തയായതിനു പിന്നാലെയാണ് ഈ അടിമത്തത്തെക്കുറിച്ച് പുറംലോകമറിയുന്നത്. മുപ്പത്തിയൊന്നുകാരനായ സിക്ക് കർഷകത്തൊഴിലാളി സത്നാം സിംഗാണ് സ്ട്രോബെറി പൊതിയുന്ന യന്ത്രത്തില്‍പ്പെട്ട് കൈ മുറിഞ്ഞ് റോമിനടുത്തുള്ള ലാസിയോയില്‍ രക്തം വാർന്നു മരിച്ചത്.