എക്‌സില്‍ പലരുടെയും ഹൃദയം തകരും; ഡിസ്‍ലൈക്ക് ബട്ടൺ അവതരിപ്പിക്കാന്‍ മസ്‌ക്

By: 600007 On: Jul 15, 2024, 9:38 AM

കാലിഫോര്‍ണിയ: എലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സാമൂഹ്യമാധ്യമമായ എക്സിൽ (ട്വിറ്റര്‍) ഡിസ്‍ലൈക്ക് ബട്ടൺ അവതരിപ്പിച്ചേക്കും. യൂട്യൂബിന് സമാനമായ ഡിസ്‍ലൈക്ക് ബട്ടണായിരിക്കും ഇതെന്നാണ് സൂചന. എക്സിലെ പോസ്റ്റുകളോടും കമന്‍റുകളോടുമുള്ള എതിർപ്പും ഇഷ്ടക്കേടും അറിയിക്കാൻ പുതിയ ബട്ടണോടെ ഉപഭോക്താക്കൾക്കാകും. 

ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തത് മുതൽ പ്ലാറ്റ്ഫോമിൽ ഡിസ്‍ലൈക്ക് ബട്ടൺ വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മസ്‌ക് ഏറ്റെടുത്ത ശേഷം എക്‌സില്‍ നിരവധി മാറ്റങ്ങൾ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഡിസ്‍ലൈക്ക് ഫീച്ചര്‍ മാത്രം എത്തിയിരുന്നില്ല. ഈ മാസമാദ്യം ആരോൺ പെരിസ് എന്നയാളാണ് എക്‌സിന്‍റെ ഐഒഎസ് പതിപ്പിന്‍റെ കോഡിൽ ഡൗൺവോട്ട് ഫീച്ചറുമായി ബന്ധപ്പെട്ട സൂചനകളുണ്ടെന്ന് വെളിപ്പെടുത്തിയത്.

എക്സിലെ ഡൗൺവോട്ട് ഐക്കൺ എങ്ങനെയായിരിക്കുമെന്നതിന്‍റെ ചിത്രവും ഇതിനൊപ്പമുണ്ട്. ഹാർട്ട് ഐക്കണാണ് എക്സിലെ ലൈക്ക് ബട്ടൺ. ഇതിന് ഡൗൺവോട്ട് അഥവാ ഡിസ്‍ലൈക്ക് ബട്ടണായി ബ്രോക്കൺ ഹാർട്ട് ഐക്കണാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ 'നിങ്ങൾ ഈ പോസ്റ്റ് ഡൗൺവോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?' എന്ന ചോദ്യം പോപ്പ് അപ്പ് ചെയ്യുമെന്നാണ് ആരോൺ പറയുന്നത്. ഇതിന് സ്ഥിരീകരണം നൽകുന്നതോടെ ആ പോസ്റ്റിന് ഡൗൺവോട്ട് ചെയ്യാം. @P4mui എന്ന എക്‌സ് അക്കൗണ്ടിൽ ഡിസ്‌ലൈക്ക് ബട്ടണിന്‍റെ പ്രവർത്തനം കാണിക്കുന്ന വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.