ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും ബെല്‍ ബട്ടണ്‍ അമർത്താനും പറയാത്ത യൂട്യൂബര്‍മാരൊന്നും യൂട്യൂബർമാരല്ല എന്നതാണ് സ്ഥിതി. ഇതിനെല്ലാം വേണ്ടി സമൂഹ മാധ്യമ ഉപയോക്താക്കള്‍ കാണിക്കുന്ന ഓരോരോ പരിപാടികള്‍ കണ്ട് തലയില്‍ കൈവയ്ക്കാത്ത കാഴ്ചക്കാരുമില്ല. എവിടെ നിന്നെങ്കിലുമായി ഏതെങ്കിലും ഒരു അറുബോറന്‍ ഷോട്ട്സോ റീല്‍സോ കണ്ട് നിങ്ങളുടെ ഒരു ദിവസം തന്നെ പോകാനും സാധ്യത ഏറെയാണ്. ഇതിനിടെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബര്‍മാരെ ചേര്‍ത്ത് ഒരു യൂട്യൂബര്‍ കുതിക്കുന്നതും. ഡൊണാൾഡ്സണിന്‍റെ 'മിസ്റ്റർ ബീസ്റ്റ്' എന്ന യൂട്യൂബ് പേജ് ലൈക്ക് ചെയ്തിരിക്കുന്നത് 30 കോടി ആളുകളാണ്. ഇതോടെ തകര്‍ന്നത് ഇന്ത്യൻ മ്യൂസിക് ലേബലായ ടി സീരീസിന്‍റെ റെക്കോര്‍ഡും.
'പതിനൊന്ന് വര്‍ഷം മുമ്പ് 300 സബ്സ്ക്രൈബേഴ്സിനെ ലഭിച്ചപ്പോള്‍ ഞാന്‍ ഭയന്ന് പോയി.' തന്‍റെ നേട്ടത്തെ കുറിച്ച് എക്സില്‍ പറയവേ മിസ്റ്റർ ബീസ്റ്റ് കുറിച്ചു. ഒപ്പം പതിനൊന്ന് വര്‍ഷം മുമ്പ് തനിക്ക് 300 സബ്സ്ക്രൈബേഴ്സിനെ നേടി തന്ന വീഡിയോ അദ്ദേഹം എക്സില്‍ പങ്കുവച്ചു. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്നൂറ് എന്നത് ചെറിയ സംഖ്യയാണെന്നും തനിക്ക് ഒരു സബ്സ്ക്രൈബറെ പോലും കിട്ടിമെന്ന് കരുതിയില്ലെന്നും അദ്ദേഹം ആ വീഡിയോയില്‍ പറയുന്നു. നിലവില്‍ 30 കോടി 20 ലക്ഷം സബ്സ്ക്രൈബേഴ്സാണ് മിസ്റ്റർ ബീസ്റ്റിന്‍റെ യൂട്യൂബ് ചാനലിനുള്ളത്.