മൊത്തം നെഗറ്റീവ് പ്രതികരണം; റിലീസ് ചെയ്ത് രണ്ടാം ദിനം ആ കടുത്ത തീരുമാനം എടുത്ത് ഇന്ത്യന്‍ 2 നിര്‍മ്മാതാക്കള്‍

By: 600007 On: Jul 14, 2024, 3:21 PM

ചെന്നൈ: കമൽഹാസൻ നായകനായി എത്തിയ ഷങ്കര്‍  സംവിധാനം ചെയ്ത ഇന്ത്യൻ 2 വെള്ളിയാഴ്ചയാണ് തീയറ്ററില്‍ എത്തിയത്. 1996 ല്‍ ഇറങ്ങിയ എക്കാലത്തെയും ബ്ലോക്ക്ബസ്റ്ററായ ഇന്ത്യൻ ചിത്രത്തിന്‍റെ തുടര്‍ച്ചയാണ് ചിത്രം. ആദ്യ ദിനം 55 കോടി രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്. എന്നാല്‍ വ്യാപകമായ നെഗറ്റീവ് റിവ്യൂവാണ് ചിത്രത്തിന് ലഭിച്ചത്. 

ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച തീരുമാനം ചിത്രത്തിന്‍റെ അണിയറക്കാര്‍ എടുത്തുവെന്നാണ് വിവരം. ഇന്ത്യൻ 2 വിന് ആദ്യ ദിനം തന്നെ പ്രേക്ഷകരിൽ നിന്ന് ലഭിച്ച പ്രതികരണം സമ്മിശ്രമായിരുന്നു. പ്രേക്ഷകർ ചിത്രത്തിന്‍റെ പ്രധാന വിമര്‍ശനമായി ഉന്നയിച്ച ഒരു കാര്യം ചിത്രത്തിന്‍റെ 3 മണിക്കൂര്‍ നീളമായിരുന്നു. ഉടനടി ഈ വിമര്‍ശനത്തില്‍ നടപടിയെടുക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചുവെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് പറയുന്നത്.

ചിത്രത്തിൻ്റെ രണ്ടാം ദിവസം തന്നെ ചിത്രത്തിന്‍റെ റൺടൈം ഗണ്യമായി കുറച്ചിരിക്കുകയാണ്. രണ്ടാം ദിവസം സിനിമ ട്രിം ചെയ്തിരിക്കുകയാണ്. ചിത്രത്തില്‍ നിന്നും 20 മിനുട്ട് നീക്കം ചെയ്തുവെന്നാണ് വിവരം.  അതിനർത്ഥം ഇന്ത്യന്‍ 2 നിർമ്മാതാക്കൾ തങ്ങൾക്ക് ലഭിച്ച നെഗറ്റീവ് ഫീഡ്‌ബാക്ക് അംഗീകരിച്ചുവെന്ന് കരുതാമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് പറയുന്നത്. 

ഇന്ത്യൻ 2 ൻ്റെ പുതുക്കിയ റൺടൈം ചിത്രത്തിന്‍റെ ജയസാധ്യതയെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ കഴിയുമോ എന്നത് എനിയും കണ്ട് അറിയേണ്ടതാണ്. ഏതൊക്കെ ഭാഗങ്ങളാണ് ഒഴിവാക്കിയത് എന്ന് ഇനി റിപ്പോര്‍ട്ടുകള്‍ വന്നാല്‍ മാത്രമേ അറിയാന്‍ സാധിക്കൂ. നേരത്തെ 3 മണിക്കൂര്‍ നാല് മിനുട്ട് ഉണ്ടായിരുന്ന ചിത്രം 2 മണിക്കൂര്‍ 40 മിനുട്ടായാണ് കുറച്ചിരിക്കുന്നത് എന്നാണ് വിവരം. ജൂലൈ 14 മുതല്‍ തീയറ്ററില്‍ ട്രീം ചെയ്ത വേര്‍ഷനായിട്ടായിരിക്കും ഇന്ത്യന്‍ 2 കളിക്കുക.