പരീക്ഷ നടക്കുന്നതിനിടെ സ്കൂൾ കെട്ടിടം തകർന്നു, നൈജീരിയയിൽ കൊല്ലപ്പെട്ടത് 22 പേർ, 130 പേർക്ക് പരിക്ക്

By: 600007 On: Jul 13, 2024, 5:34 PM

അബുജ: നൈജീരിയയിൽ  സ്കൂൾ കെട്ടിടം തകർന്ന് 22 വിദ്യാർത്ഥികൾ മരിച്ചു. 130ഓളം വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. നൈജീര്യയിലെ സെൻട്രൽ പ്ലേറ്റോ സംസ്ഥാനത്താണ് വെള്ളിയാഴ്ച അപകടമുണ്ടായത്. സംസ്ഥാന തലസ്ഥാനമായ ജോസിലെ സെന്റ് അക്കാദമിയാണ് മണ്ണിലേക്ക് കുഴിഞ്ഞ് പോയത്. കെട്ടിടാവശിഷ്ടങ്ങളിൽ നിരവധി പേർ  കുടുങ്ങി പോവുകയായിരുന്നു. എക്സവേറ്ററുകളും ചുറ്റികകളും വെറും കൈകളും കമ്പികളും അടക്കമുള്ള ഉപയോഗിച്ചാണ് രക്ഷാപ്രവർത്തകർ കുട്ടികളെ പുറത്തെടുത്തത്.  

22വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചതായാണ് പൊലീസ് വിശദമാക്കിയിരിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെത്തിച്ച കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആയിരത്തിലധികം വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. അപകടത്തിന്റെ തോത് ഞെട്ടിക്കുന്നതെന്നാണ് പ്രദേശവാസികൾ അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. കെട്ടിടം തകരാനുണ്ടായ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ മൂന്ന് ദിവസമായി മേഖലയിൽ കനത്ത മഴയാണ് ഇവിടെ പെയ്തത്. ഇതിന് പിന്നാലെയാണ് സ്കൂൾ കെട്ടിടം മണ്ണിലേക്ക് കുഴിഞ്ഞ് പോയത്.