കാനഡയിലെ ഡോക്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പദ്ധതി: 47 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Jul 13, 2024, 12:53 PM

 


കാനഡയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കണക്കാക്കാനും പഠനം നടത്താനും പദ്ധതി പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍. രാജ്യത്തെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും നിരന്തരമായ ആവശ്യങ്ങള്‍ക്കാണ് പരിഹാരം കണ്ടെത്തിയത്. പദ്ധതിക്കായി 47 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

പ്രവിശ്യാ ആരോഗ്യ സംവിധാനങ്ങളിലുടനീളമുള്ള ആരോഗ്യ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും പഠിക്കാനും ലക്ഷ്യമിടുന്ന ഗവേഷണ ഗ്രൂപ്പുകള്‍ക്ക് ധനസഹായം വീതിച്ച് നല്‍കും. 22.5 മില്യണ്‍ ഡോളര്‍ കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്റെ ഒരു വിഭാഗത്തിന് തൊഴില്‍ സേനയില്‍ എവിടെയാണ് വിടവുകള്‍, പ്രശ്‌നങ്ങള്‍ എന്നിവ കണ്ടെത്തി പരിഹരിക്കുന്നതിനായി നല്‍കും. 

കാനഡയിലെ ഡോക്ടര്‍മാരുടെ നാഷണല്‍ ഫിസിഷ്യന്‍ ഡാറ്റാബേസ് വികസിപ്പിക്കുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് കാനഡയ്ക്ക് 13 മില്യണ്‍ ഡോളര്‍ നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.