കാനഡയിലെ മാപ്‌സ് പ്ലാറ്റ്‌ഫോം അപ്‌ഡേറ്റ് ചെയ്ത് ഗൂഗിള്‍. പുതിയ അപ്‌ഡേറ്റില്‍ അഞ്ച് നഗരങ്ങളുടെ ഇമ്മേഴ്‌സീവ് നാവിഗേഷന്റെ പുതിയ തലം സൃഷ്ടിക്കുന്നു. നഗരങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകുന്നതാണ് പുതിയ അപ്‌ഡേറ്റ്. ഇപ്പോള്‍ മോണ്‍ട്രിയല്‍, കാല്‍ഗറി, ടൊറന്റോ, ഓട്ടവ, എഡ്മന്റണ്‍ എന്നീ നഗരങ്ങളുടെ ഇമ്മേഴ്‌സീവ് വ്യൂ ലഭ്യമാണെന്ന് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ലാന്‍ഡ്മാര്‍ക്കുകള്‍, റെസ്‌റ്റോറന്റുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ ഫ്‌ളാറ്റ് ഫോട്ടോകളെ 3D ചിത്രങ്ങളാക്കി മാറ്റുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച ഈ ഫീച്ചര്‍ ആദ്യം ലണ്ടന്‍, ലോസ് ഏഞ്ചല്‍സ്, ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, ടോക്യോ തുടങ്ങിയ ഏതാനും നഗരങ്ങളിലാണ് അവതരിപ്പിച്ചത്.
ഇത് കോടിക്കണക്കിന് സ്ട്രീറ്റ് വ്യൂ, ഏരിയല്‍ ഫോട്ടോ എന്നിവ സംയോജിപ്പിച്ച് ഒരു പ്രദേശത്തിന്റെ വിശദമായ ഡിജിറ്റല്‍ മോഡല്‍ സൃഷ്ടിക്കുന്നു. ഇമ്മേഴ്‌സീവ് വ്യൂ സഞ്ചാരികളെ യാത്രകള്‍ ആസൂത്രണം ചെയ്യാനും നഗരത്തില്‍ എത്തുന്നതിന് മുമ്പ് മികച്ച അനുഭവം നല്‍കാനും സഹായിക്കും.