കാട്ടുതീ സാധ്യത: ബാന്‍ഫ് നാഷണല്‍ പാര്‍ക്കില്‍ ഫയര്‍ ബാന്‍ പ്രഖ്യാപിച്ചു

By: 600002 On: Jul 13, 2024, 11:41 AM

 

ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ നേരിടുന്നതിനാല്‍  കാട്ടുതീ സാധ്യത കണക്കിലെടുത്ത് ബാന്‍ഫ് നാഷണല്‍ പാര്‍ക്കില്‍ പാര്‍ക്ക്‌സ് കാനഡ ഫയര്‍ ബാന്‍ പ്രഖ്യാപിച്ചു. ജൂലൈ 13 അര്‍ധരാത്രി മുതല്‍ നിരോധനം നിലവില്‍ വരുമെന്ന് പാര്‍ക്ക്‌സ് കാനഡ അറിയിച്ചു. ചൂടുള്ള വരണ്ട കാലാവസ്ഥയ്ക്ക് ശേഷം ബാന്‍ഫില്‍ വരള്‍ച്ച നേരിടുന്നുണ്ടെന്നും ഇത് കാട്ടുതീ സാധ്യത വര്‍ധിപ്പിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സന്ദര്‍ശകരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും പാര്‍ക്കിലെ അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണത്തിനുമാണ് നിരോധനം. നിരോധനത്തില്‍ മരം, കരി എന്നിവ ഉപയോഗിച്ചുള്ള ക്യാമ്പ് ഫയര്‍, ബ്രിക്കറ്റ് ബാര്‍ബിക്യു, ഔട്ട്‌ഡോര്‍ വുഡ് ബേണിംഗ് സ്റ്റൗ, ടര്‍ക്കി ഫ്രെയറുകള്‍, ടിക്കി ടോര്‍ച്ചുകള്‍ എന്നിവയുടെ ഉപയോഗം ഉള്‍പ്പെടുന്നു. 

ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നും വ്യവസ്ഥകള്‍ അനുകൂലമാകുമ്പോള്‍ ഫയര്‍ ബാന്‍ പിന്‍വലിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലെത്തുന്ന സന്ദര്‍ശകര്‍ കാട്ടുതീയോ അനധികൃത ക്യാമ്പ് ഫയറോ സംശയാസ്പദമായി പുകയോ കണ്ടാല്‍ 403-762-4506 എന്ന നമ്പറില്‍ ബാന്‍ഫ് എമര്‍ജന്‍സി ഡിസ്പാച്ചില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു.