ടെക് ഭീമന്‍ ആപ്പിളിന്റെ ഓഗ്മെന്റ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ എന്നിവടങ്ങളില്‍ വെള്ളിയാഴ്ച അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. വേറിട്ട ഡിജിറ്റല്‍ അനുഭവം നല്‍കുന്ന വിഷന്‍ പ്രോ സ്വന്തമാക്കാന്‍ പക്ഷേ വലിയ വില നല്‍കേണ്ടി വരും. കാനഡയില്‍ 5,000 ഡോളറാണ് ഹെഡ്‌സൈറ്റിന്റെ വില. 256 ജിബി സ്‌റ്റോറേജുള്ള മോഡലിന് 4,999 ഡോളറാണ് വില. എന്നാല്‍ ഒരു ടെറാബൈറ്റ് സ്‌റ്റോറേജ് ഉള്ള വിഷന്‍ പ്രോ സ്വന്തമാക്കണമെങ്കില്‍ 5,599 ഡോളര്‍ നല്‍കണം.
കഴിഞ്ഞ വര്‍ഷം ജൂണില്‍ വിഷന്‍ പ്രോ ആദ്യമായി അവതരിപ്പിച്ചപ്പോള്‍ അരലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയില്‍ വില്‍പ്പനയാണ് ആപ്പിള്‍ പ്രതീക്ഷിച്ചതെന്ന് ബാങ്ക് ഓഫ് അമേരിക്ക സീനിയര്‍ ഇന്‍ഫര്‍മോഷന്‍ ടെക്‌നോളജി ഹാര്‍ഡ്‌വെയര്‍ അനലിസ്റ്റായ വംശി മോഹന്‍ പറഞ്ഞു. ഇന്ന് വില്‍പ്പന അരക്ഷത്തിനടുത്തായിരിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കാനഡയില്‍ കൂടുതല്‍ ആളുകളിലേക്ക് വിഷന്‍ പ്രോ എത്താന്‍ സമയമെടുത്തേക്കും.
മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ഹെഡ്‌സെറ്റുകളുമടക്കം നിലവില്‍ നാം ഉപയോഗിക്കുന്ന എല്ലാ ഡിവൈസുകള്‍ക്കും ഭാവിയില്‍ പകരമാകാന്‍ വിഷന്‍ പ്രോയ്ക്ക് സാധിക്കുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. നൂതനമായ ഒപ്റ്റിക്‌സ്, മെഷീണ്‍ ലേണിംഗ്, ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടിംഗ് എന്നിവ സംയോജിപ്പിച്ച് ആഴത്തിലുള്ള ഇന്ററാക്റ്റീവ് ദൃശ്യാനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഗാഡ്ജറ്റാണ് ആപ്പിള്‍ വിഷന്‍ പ്രോ. പ്രൊഫഷണലുകളെയും ദൈനംദിന ഉപയോക്താക്കളെയും ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയതതാണ് വിഷന്‍ പ്രോ. ഇരുപതിലധികം സെന്‍സറുകള്‍, പന്ത്രണ്ടോളം ക്യാമറകള്‍, ഹൈ റെസല്യൂഷന്‍ റെറ്റിന ഡിസ്‌പ്ലേ, ജെസ്റ്റര്‍ കണ്‍ട്രോള്‍, സെപ്ഷ്യല്‍ സൗണ്ട് എന്നിവ ഉള്‍പ്പെടുത്തി ഡിസൈന്‍ നിലവില്‍ മാര്‍ക്കറ്റിലുള്ള മറ്റേത് ഡിവൈസിനേക്കാളും സാങ്കേതികപരമായി മുന്നില്‍ നില്‍ക്കുന്നതാണ്.