എറ്റി ആന്‍ഡ് റ്റിയില്‍ സൈബര്‍ ആക്രമണം: കാനഡയിലേക്കുള്ള കോളുകളും ചോര്‍ന്നതായി റിപ്പോര്‍ട്ട് 

By: 600002 On: Jul 13, 2024, 8:22 AM

 

അമേരിക്കന്‍ ടെലിഫോണ്‍ സര്‍വീസ് ഭീമന്മാരായ എറ്റി ആന്‍ഡ് റ്റിയില്‍( AT&T)  സൈബര്‍ ആക്രമണം. ലക്ഷകണക്കിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി കമ്പനി സ്ഥിരീകരിച്ചു. കോള്‍ റെക്കോര്‍ഡും മെസേജ് ഹിസ്റ്ററിയും അടക്കം ഹാക്കര്‍മാര്‍ ചോര്‍ത്തി. ഇതില്‍ കാനഡയിലേക്കുള്ള കോളുകളും ഉള്‍പ്പെടുന്നതായി എറ്റി ആന്‍ഡ് റ്റി മാധ്യമങ്ങളോട് പറഞ്ഞു. ലാന്‍ഡ്‌ലൈന്‍ യൂസര്‍മാരുടെയും മൊബൈല്‍ യൂസര്‍മാരുടെയും വിവരങ്ങള്‍ ചോര്‍ന്നെന്ന് കമ്പനി വ്യക്തമാക്കി. ഇതില്‍ അമേരിക്കയിലെ 100 മില്യണിലധികം വ്യക്തിഗത ഉപഭോക്താക്കളും 2.5 മില്യണ്‍ ബിസിനസ് അക്കൗണ്ടുകളും ഉള്‍പ്പെടുന്നു. 2022 മെയ് 1 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള വിവരങ്ങളാണ് ചോര്‍ന്നത്. അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും വലിയ മൊബൈല്‍, ലാന്‍ഡ്‌ലൈന്‍ സേവന ദാതാക്കളില്‍ ഒരാളാണ് എറ്റി ആന്‍ഡ് റ്റി. 

ഡാറ്റ ലീക്കുകളുടെ പട്ടികയിലേക്ക് എറ്റി ആന്‍ഡ് റ്റിയും എത്തിയിരിക്കുന്നത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ കോള്‍ വിവരങ്ങള്‍, മെസേജുകള്‍ എന്നിവയും ചോര്‍ന്നവയിലുണ്ട്. എന്നാല്‍ ഇവയുടെ തീയതിയും സമയവും ഹാക്കര്‍മാര്‍ക്ക് കിട്ടിയിട്ടില്ല എന്നാണ് കമ്പനിയുടെ വാദം. ഫോണ്‍ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്തവരുടെ ലൊക്കേഷന്‍ കൃത്യമായി കണ്ടെത്താന്‍ കഴിയുന്ന സെല്‍ സൈറ്റ് ഐഡന്റിഫിക്കേഷന്‍ നമ്പറും ചോര്‍ന്നവയിലുണ്ട്. 

ഡാറ്റയില്‍ ഉപഭോക്തൃ പേരുകള്‍ ഉള്‍പ്പെടുന്നില്ലെന്ന് കമ്പനി പറയുന്നു. എന്നാല്‍ പൊതുവായി ലഭ്യമായ ഓണ്‍ലൈന്‍ ടൂളുകള്‍ ഉപയോഗിച്ച് നിര്‍ദ്ദിഷ്ട ടെലിഫോണ്‍ നമ്പറുമായി ബന്ധപ്പെട്ട പേര് കണ്ടെത്താന്‍ വഴികളുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ഇത് ഉപഭോക്താക്കള്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ട്. കാനഡയിലെ ഉപഭോക്താക്കളും ആശങ്കയിലാണ്.