ഇസ്രയേലിന്റെ പാലസ്തീന്‍ അധിനിവേശം പാവപ്പെട്ട മനുഷ്യരുടെ കുരുതിയില്‍ കലാശിക്കുകയാണ്. ഗാസ സിറ്റിയിലെ 3 ലക്ഷം ജനങ്ങളും ഒഴിയണമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പലായനം ചെയ്യുന്നവരെയും ഇസ്രയേല്‍ സൈന്യം വെടിവെച്ചു കൊല്ലുകയാണ്. ഷുജയ മേഖലയിലെ ആക്രമണത്തിനു ശേഷം ഇസ്രയേല്‍ സൈന്യം ഇപ്പോള്‍ താല്‍ അല്‍-ഹവാ മേഖലയിലേക്ക് നീങ്ങുകയാണ്. വീടുകളും മറ്റും ബുള്‍ഡോസറുകള്‍ ഉപയോഗിച്ചു തകര്‍ത്താണ് സൈന്യം മുന്നേറുന്നത്. വടക്കന്‍ ഗാസ സിറ്റിയിലെ ഷുജയ പ്രദേശത്ത് രണ്ടാഴ്ചത്തെ ഇസ്രായേല്‍ ആക്രമണത്തിന് ശേഷം 60 മൃതദേഹങ്ങള്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
85 ശതമാനം വീടുകളും നശിപ്പിച്ചിട്ടുണ്ട്. ഇസ്രായേല്‍ സൈന്യം ജനങ്ങളെ വിട്ടുപോകാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് നിര്‍ബന്ധിത ഒഴിപ്പിക്കലിനിടെ ആളുകള്‍ വെടിയേറ്റ് മരിച്ചതായി ഗാസ സിറ്റിയില്‍ നിന്ന് പലായനം ചെയ്യുന്ന സാധാരണക്കാര്‍ പറയുന്നു. വെടിനിര്‍ത്തല്‍ കരാറിനുള്ള ചര്‍ച്ചകള്‍ക്ക് താന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. എന്നാല്‍ ഹമാസ് അതിന് വിരുദ്ധമായ ആവശ്യങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. ഇസ്രായേലിന്റെ യുദ്ധ ലക്ഷ്യങ്ങള്‍ ഹമാസിനെ പരാജയപ്പെടുത്തുന്നതു വരെ അവസാനിപ്പിക്കില്ലെന്നും നെതന്യാഹു പറയുന്നു.
ഇസ്രയേലിന്റെ സൈനിക നീക്കവും ആക്രമണവും കടുത്തതോടെ ഗാസയില്‍ പട്ടിണി രൂക്ഷമാവുകയാണ്. പുറത്തിറങ്ങിയാല്‍ കൊല്ലപ്പെടാം എന്നതിനാല്‍ ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുകയാണ്. ഭക്ഷ്യധാന്യങ്ങള്‍ തീര്‍ന്നതോടെ പല കുടുംബങ്ങളും മള്‍ബറി ഇലകളും മറ്റും കഴിച്ചാണ് വിശപ്പടക്കുന്നത്. 33 കുട്ടികള്‍ ഇതുവരെ പോഷകാഹാര കുറവുമൂലം മരിച്ചു കഴിഞ്ഞു. ഭക്ഷണം അന്വേഷിച്ച് പുറത്തിറങ്ങിയാന്‍ ഇസ്രയേല്‍ സൈന്യം വെടിവെച്ചു കൊല്ലു. വീടിനുള്ളില്‍ ഇരുന്നാല്‍ പട്ടിണി കൊണ്ട് മരിക്കും. ഇതാണ് ഗാസയിലെ ജനങ്ങളുടെ അവസ്ഥ.