കാനഡ ഡേയില്‍ അടച്ചിട്ട കാറിനുള്ളില്‍ ഉപേക്ഷിച്ച് പോയ നായ അമിത ചൂട് കാരണം ചത്ത സംഭവത്തില്‍ കാല്‍ഗറി സ്വദേശിനിക്കെതിരെ പോലീസ് കേസെടുത്തു. ജൂലൈ 1 തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ മൗണ്ട് കോപ്പര്‍ ഗ്രീന്‍ എസ്ഇയിലാണ് സംഭവം നടന്നത്. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ക്രോസ് ബ്രീഡായ ലക്കി എന്ന നാല് വയസ്സുള്ള നായയെയാണ് കാറിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. ലക്കിയുടെ ഉടമയായ കെയ്റ്റ്‌ലിന്‍ റോസ് ഫോക്കിന്‍സിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആഗസ്റ്റ് 2 വെള്ളിയാഴ്ച ഫോക്കിന്‍സ് കോടതിയില്‍ ഹാജരാകണം.
ലക്കി അടച്ചിട്ട കാറിനുള്ളില്‍ രണ്ട് മണിക്കൂറോളം കിടന്നുവെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെടാനുള്ള വെപ്രാളത്തിലായിരുന്നു നായയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനത്തിന്റെ ചില്ലുകള്‍ ഉയര്‍ത്തിയതിനാലും ഡോറുകള്‍ പൂട്ടിയതിനാലും നായയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒരു വിന്‍ഡോ തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ നായയെ കാറിനുള്ളില്‍ നിന്നും പുറത്തേക്കെടുത്തത്.
ലക്കിയുടെ മരണം ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നുവെന്നും ആരും ഇത്തരത്തില്‍ കൊടും ചൂടുള്ള സമയങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ പൂട്ടിയ കാറിനുള്ളില്‍ കുറച്ച് സമയത്തേക്ക് പോലും ഉപേക്ഷിച്ച് പോകരുതെന്ന് കാല്‍ഗറി പോലീസ് സര്‍വീസ് ഡിസ്ട്രിക്റ്റ് 8 ആക്ടിംഗ് ഇന്‍സ്‌പെക്ടര്‍ സ്‌കോട്ട് നെല്‍സണ്‍ പറഞ്ഞു.